| Saturday, 7th February 2026, 9:29 pm

എന്നെകൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് ഒരു ഉറപ്പുമില്ലെന്ന് അവര്‍; ഖാലിദിന്  വിശ്വാസമുണ്ടായിരുന്നു: രജിഷ വിജയന്‍

ഐറിന്‍ മരിയ ആന്റണി

സംവിധായകന്‍ ഖാലിദ് റഹ്‌മാനുള്ള ആത്മവിശ്വാസം കൊണ്ടാണ് തനിക്ക് അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് നടി രജിഷ വിജയന്‍. ആദ്യ സിനിമയായത് കൊണ്ട് എലിസബത്ത് എന്ന കഥാപാത്രത്തെ തനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുമോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും എന്നാല്‍ ഖാലിദ് റഹ്‌മാനും ജിംഷി ഖാലിദിനും തന്നില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും രജിഷ പറഞ്ഞു.

Photo: രജിഷ വിജയന്‍ Rajisha vijayan/ Facebook.com

‘അനുരാഗ കരിക്കിന്‍ വെള്ളം സിനിമയുടെ ഷൂട്ടിന്റെ സമയത്ത് റഹ്‌മാനും ജിംഷിക്കും നവീന്‍ ചേട്ടനുമല്ലാതെ ആ സെറ്റിലാര്‍ക്കും ഈ കഥാപാത്രം എന്നെകൊണ്ട് ചെയ്യാന് പറ്റുമെന്ന് ഒരു ആത്മവിശ്വാസമുണ്ടായിരുന്നില്ല. കാരണം ഞാന്‍ പുതിയൊരാളാണ്. അതുപോലെ സിനിമയിലെ എലിസബത്ത് ഒരു നൂലിന്‍മേല്‍ സഞ്ചരിക്കുന്ന കഥാപാത്രമാണ്.

ഫസ്റ്റ് സീന്‍ ഷൂട്ട് ചെയ്യുന്നത് വരെ എനിക്ക് തന്നെ അറിയില്ല ഇത് ചെയ്യാന്‍ പറ്റുമോയെന്ന്. സിനിമയിലെ ഫസ്റ്റ് സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് പടത്തിന്റെ ചീഫ് അസോസിയേറ്റ് വന്ന് എന്റെയടുത്ത് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ‘രജിഷക്ക് ഈ കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഒരു ഉറപ്പമുണ്ടായിരുന്നില്ല’ എന്നാണ് പറഞ്ഞത്.

അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായി ചുറ്റും മറ്റാര്‍ക്കും ആത്മവിശ്വാസമില്ല ഇത് റഹ്‌മാന്റെയും ജിംഷിയുടെയും കോണ്‍ഫിഡന്‍സാണെന്ന്,’ രജിഷ പറയുന്നു.

അവരുടെ വിശ്വാസത്തിന്റെ പുറത്താണ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നും ത്രൂ ഔട്ട് നമ്മളുടെ കരിയറില്‍ മറ്റാര്‍ക്കൊക്കെയോ ഇങ്ങനെയൊരു വിശ്വാസമുള്ളത് കൊണ്ടാണ് നമ്മുക്ക് അഭിനയിക്കാന്‍ കഴിയുന്നതെന്നും രജിഷ പറഞ്ഞു. നിര്‍മാതാവിനും സംവിധായകനും തന്നിലുള്ള വിശ്വാസത്തിന്റെ പുറത്താണ് ജൂണ്‍ സിനിമയും താന്‍ ചെയ്തതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഖാലിദ് റഹ്‌മാന്റെ ആദ്യ സംവിധാന ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം 2016ലാണ് തിയേറ്ററുകളിലെത്തിയത്. ആസിഫ് അലിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ബിജു മേനോന്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് രജിഷ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

Content Highlight: Rajisha Vijayan about the movie Anuraga Karikkin Vellam

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more