| Sunday, 1st March 2026, 7:00 pm

അന്യഭാഷയില്‍ അഭിനയിക്കുന്നതിന് ഞാന്‍ യാതൊരു അതിര്‍ത്തിയും നിശ്ചയിച്ചിട്ടില്ല: രജിഷ വിജയന്‍

ഐറിന്‍ മരിയ ആന്റണി

അനുരാഗകരിക്കിന്‍ വെള്ളത്തിലെ ‘എലി’യായി വന്ന് (എലിസബത്ത്) മലയാളികളുടെ മനസില്‍ കയറികൂടിയ നടിയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനമാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.

പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായ നടി തമിഴ് സിനിമകളിലും ഇപ്പോള്‍ സജീവമാകുന്നുണ്ട്. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ധ്രുവ് വിക്രം നായകനായെത്തിയ ബൈസണാണ് രജിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം.

Photo: രജിഷ വിജയന്‍ , ജൂണ്‍ സിനിമയിലെ രംഗത്തില്‍ നിന്ന്

ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പത്ത് വര്‍ഷത്തെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് രജിഷ. മലയാളത്തില്‍ പത്തുവര്‍ഷം മുമ്പ് അഭിനയിച്ച് തുടങ്ങിയ താന്‍ ആ യാത്രയില്‍ തമിഴും തെലുങ്കും ഹിന്ദിയുമൊക്കെ കൂടെച്ചേര്‍ത്തുവെന്ന് നടി പറയുന്നു.

‘ഏത് ഭാഷയിലായാലും മികച്ച സിനിമകളും കഥാപാത്രങ്ങളും നമ്മളെ തേടിവരുന്നുണ്ടോയെന്നതാണ് പ്രധാനകാര്യം. ഏത് ഭാഷയിലായാലും അതിലേക്ക് പോകാനോ പോകാതിരിക്കാനോ അതിര്‍ത്തികള്‍ നിശ്ചയിക്കണ്ട എന്ന വിശ്വാസക്കാരിയാണ് ഞാന്‍. നല്ല സിനിമയും കഥാപാത്രവുമാണെങ്കില്‍ ഏത് ഭാഷയില്‍ ചെയ്യാനും ഞാന്‍ തയ്യാറാണ്.

മലയാള സിനിമ കഥാപരമായി മറ്റു ഭാഷകളെ അപേക്ഷിച്ച് ഇപ്പോഴും ഏറെ കരുത്തോടെ മുന്നേറുന്ന മേഖലയാണ്. അതേസമയം, മറ്റു ഭാഷകളിലും മികച്ച കഥകളും കഥാപാത്രങ്ങളും വരുന്നുണ്ട് എന്നതാണ് എന്റെ അനുഭവം. അതുകൊണ്ടുതന്നെ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് ഞാന്‍ യാതൊരു അതിര്‍ത്തിയും നിശ്ചയിച്ചിട്ടില്ല,’ രജിഷ പറയുന്നു.

സിനിമ കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം യാത്രയാണെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം ഒട്ടേറെ സ്ഥലങ്ങള്‍ സമീപകാലത്ത് താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും നടി പറയുന്നു. ഓരോ യാത്രയും തന്നെ അത്രമേല്‍ നവീകരിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും ഓരോ രാജ്യത്ത് ചെല്ലുമ്പോഴും പുതിയ ശരികളും തെറ്റുകളും നമ്മള്‍ മനസിലാക്കുമെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

രജിഷയുടേതായി തിയേറ്ററുകളിലെത്തിയ മസ്തിഷ മരണം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പുരുഷ പ്രേതം, ആവാസവ്യൂഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷന്ദ് അണിയിച്ചൊരുക്കിയ ചിത്രം ഒരു സൈബര്‍ പങ്ക് സയന്‍സ്ഫിക്ഷന്‍ ഴോണറിലാണ് ഒരുങ്ങിയത്. മധുര മനോഹര മോഹം എന്ന സിനിമയ്ക്ക് ശേഷം രജിഷ പ്രധാനവേഷത്തിലെത്തിയ സിനിമ കൂടിയാണ് മസ്തിഷ്‌ക മരണം.

Content Highlight:  Rajisha talks about Malayalam cinema and other  language cinemas 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more