| Tuesday, 12th August 2025, 9:56 am

സൗബിന്‍ ആരാ? ഏത് സിനിമയിലാ അഭിനയിച്ചേ? സത്യമായും എനിക്ക് അറിയില്ലായിരുന്നു: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അണിയിച്ചൊരുക്കുന്ന ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിലെത്തും. രജിനികാന്തിന് പുറമെ നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹസന്‍, ഉപേന്ദ്ര എന്നിവരും സൗബിന്‍ ഷാഹിറും ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ സൗബിന്‍ ഷാഹിറിനെ കുറിച്ച് സംസാരിക്കുകയാണ് രജിനികാന്ത്. കൂലിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ഫഹദ് ഫാസിലിനെ ആണെന്നും ഫഹദിന്റെ ഡേറ്റ് കിട്ടാത്തതുകൊണ്ട് ആ വേഷത്തിലേക്ക് സൗബിനെ പരിഗണിക്കുകയായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു.

‘ഫഹദിന് പകരം സൗബിന്‍ ആണ് അഭിനയിക്കുന്നതെന്ന് എന്നോട് ലോകേഷ് വന്ന് പറഞ്ഞപ്പോള്‍, സൗബിന്‍ ആരാണ്? ഏത് സിനിമയിലാണ് അഭിനയിച്ചത്? എന്നാണ് ഞാന്‍ ചോദിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ സൗബിന്റെ വേഷത്തെ കുറിച്ച് ലോകേഷ് എനിക്ക് പറഞ്ഞുതന്നു,’ രജിനികാന്ത് പറയുന്നു.

എന്നാല്‍ സൗബിന് കഷണ്ടി ഉള്ളതുകൊണ്ട് കൂലിയിലെ വേഷത്തിലേക്ക് ചേരുമോയെന്ന് തനിക്ക് സംശയം തോന്നിയെന്നും എന്നാല്‍ സംവിധായകന് സൗബിന്റെ മേലുള്ള വിശ്വാസം കണ്ടപ്പോള്‍ താന്‍ മിണ്ടാതിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷൂട്ട് തുടങ്ങി മൂന്നാമത്തെ ദിവസമാണ് താന്‍ ലൊക്കേഷനില്‍ എത്തിയതെന്നും അവിടെ ചെന്നപ്പോള്‍ അതുവരെ എടുത്ത സൗബിന്റെ ഭാഗങ്ങള്‍ തനിക്ക് ലോകേഷ് കാണിച്ച് തന്നെന്നും രജിനികാന്ത് പറയുന്നു. സൗബിന്റെ പ്രകടനം കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്നും അത്രയും മനോഹരമായാണ് സൗബിന്റെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രീ സെയിലില്‍ ഇതിനോടകം 51 കോടിയോളം കൂലി സ്വന്തമാക്കിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയും കടന്ന് കൂലിയുടെ അഡ്വാന്‍സ് സെയില്‍ കുതിക്കുകയാണ്. കേരളത്തില്‍ നിന്ന് ഡബിള്‍ ഡിജിറ്റ് ഫസ്റ്റ് ഡേ കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമായി കൂലി മാറുമെന്നാണ് കരുതുന്നത്. ആദ്യദിനം തന്നെ 100 കോടി കളക്ഷന്‍ സ്വന്തമാക്കാന്‍ കൂലിക്ക് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rajinikanth Talks About Soubin Shahir

We use cookies to give you the best possible experience. Learn more