| Saturday, 10th October 2026, 7:34 am

എങ്ങനെ ഇത്രയും ഹമ്പിളായെന്ന് നെല്‍സണ്‍, കണ്ടക്ടര്‍ ജോലി ഇപ്പോഴും മിസ് ചെയ്യുന്നുവെന്ന് രജിനികാന്ത്

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയിലെ ഓരോ ഇന്‍ഡസ്ട്രിയിലും ഒന്നിലധികം സൂപ്പര്‍താരങ്ങളുണ്ട്. എന്നാല്‍ ആരാണ് രാജ്യത്തെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറെന്ന ചോദ്യത്തിന് ഷാരൂഖ് ഖാനടക്കം സംശയമേതുമില്ലാതെ പറയുന്ന പേരാണ് രജിനികാന്തിന്റേത്. തന്റെ കരിയറിന്റെ പ്രൈമിലുണ്ടായിരുന്ന സ്വാഗും സ്‌റ്റൈലും പ്രായം 75 പിന്നിട്ടെങ്കിലും താരത്തിന്റെ കൈയില്‍ ഭദ്രമാണ്. നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങി വമ്പന്‍ ഹിറ്റടിച്ച ജയിലറിലൂടെ തലൈവര്‍ എന്ന വിളിപ്പേരിന് ഒരിക്കല്‍ കൂടി താരം അടിവരയിട്ടിരുന്നു.

രജിനികാന്ത്. Photo: X.com

ജയിലറിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ ആവേശത്തിലാണ് സിനിമാലോകം. ആദ്യഭാഗത്തിലെ വമ്പന്‍ താരനിരയ്‌ക്കൊപ്പം സര്‍പ്രൈസ് കാമിയോ ആയി ഹൃത്വിക് റോഷനും എത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വലുതാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയ്‌ലറും ഹൈപ്പുയര്‍ത്തുന്നതായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്ത പ്രൊമോഷന്‍ ഇവന്റിനിടയില്‍ രജിനികാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത്ര വലിയ സൂപ്പര്‍ സ്റ്റാറായിട്ടും എങ്ങനെയാണ് ഹമ്പിളായി നില്‍ക്കാന്‍ സാധിക്കുന്നത് എന്ന സംവിധായകന്‍ നെല്‍സന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ജയിലര്‍ 2. Photo: X.com

‘ഒരു സ്റ്റാറാണെങ്കിലും എനിക്ക് അഭിനയിക്കാനാണ് ഇഷ്ടം. പക്ഷേ അതിനെക്കാളൊക്കെ എനിക്ക് എന്റെ കണ്ടക്ടര്‍ ജോലി ഇഷ്ടമാണ്. അത് ഇപ്പോഴും ഞാന്‍ മിസ് ചെയ്യും. ഒരു സൂപ്പര്‍ താരമെന്ന നിലയില്‍ ഞാനെന്നെ കണ്ടിട്ടില്ല. ബാംഗ്ലൂരില്‍ ഇടയ്ക്ക് ഇടയ്ക്ക് പോകാറുണ്ട്. അവിടെ ഒരു ബസ് കാണുമ്പോഴെല്ലാം എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്. ആരെയെങ്കിലും ഒരു കാക്കി യൂണിഫോമില്‍ കാണുമ്പോള്‍ അത് എന്നെ പെട്ടെന്ന് ആകര്‍ഷിക്കും. എന്നെ സംബന്ധിച്ച് ഞാനിപ്പോഴും ഒരു ബസ് കണ്ടക്ടറാണ്. അതുകൊണ്ട് തന്നെ എന്നെപോലൊരു ബസ് കണ്ടക്ടര്‍ നിങ്ങളെ പോലൊരു വലിയ സംവിധായകന്റെ മുന്നില്‍ ഇങ്ങനെയല്ലേ പെരുമാറുകയുള്ളൂ,’ രജിനി ചോദിച്ചു.

Content Highlight: Rajinikanth talks about his conductor Job

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more