മൂന്ന് വര്‍ഷം നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. ദി റിയല്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ബോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന്‍ ഓപ്പണിങ്ങായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്.
ജയിലര്‍ 2. Photo: X.com
ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ഇതോടെ ഏഴ് ദിവസത്തിനുള്ളില്‍ ചിത്രം അഞ്ഞൂറ് കോടി സ്വന്തമാക്കുകയും തമിഴ്‌നാട് ബോക്‌സ് ഓഫീസിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ ജയിലര്‍ 2 ബോക്‌സ് ഓഫീസില്‍ നിന്നും 700 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ചിത്രം 173 കോടിയോളം സ്വന്തമാക്കിയപ്പോള്‍ തെലുങ്ക് ബോക്‌സ് ഓഫീസില്‍ നിന്നും 83 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ശിവരാജ്കുമാറും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് കര്‍ണാടകയില്‍ നിന്നും 78 കോടിയാണ് കളക്ഷനായി ഇതുവരെ നേടാനായിട്ടുള്ളത്. കേരളത്തില്‍ നിന്നും ചിത്രം 70 കോടിയെന്ന മാര്‍ക്കും പിന്നിട്ടിട്ടുണ്ട്.
2.0. Photo: X.com
ഇതോടെ മറ്റൊരു വമ്പന്‍ റെക്കോഡാണ് ജയിലര്‍ 2 തങ്ങളുടെ പേരിലാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോഡാണ് ജയിലര്‍ 2 സ്വന്തമാക്കിയിരിക്കുന്നത്. തലൈവര്‍ രജിനികാന്തിന്റെ തന്നെ 2.0 എന്ന ചിത്രത്തിന്റെ റെക്കോഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ 2.0 നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ താഴെയിറങ്ങിയിരിക്കുന്നതെന്നും കാണാം.
Content Highlight: Rajinikanth starrer Jailer 2 becomes highest grossing Tamil movie of all time