| Wednesday, 24th September 2025, 2:30 pm

ജയിലർ 2- ന്റെ റിലീസ് തീയതി പങ്കുവെച്ച് രജിനികാന്ത്; ആവേശത്തോടെ ആരാധകർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തിൽ രജിനികാന്ത് അഭിനയിച്ചത്.

ജയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചതെങ്കിലും 600 കോടിയോളം കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. രജിനികാന്തിനൊപ്പം ശിവരാജ് കുമാർ, മോഹൻലാൽ, രമ്യ കൃഷ്ണൻ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിൽ ഭാ​ഗമായിട്ടുണ്ട്.

ജയിലർ 2വിന്റെ അനൗൺസ്മെന്റ് വീഡിയോക്ക് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാഗത്തിന് വേണ്ടി ആരാധകരും നിരൂപകരും കാത്തിരിക്കുകയാണ്. ആദ്യഭാഗത്തെക്കാൾ ഗംഭീരമാകും രണ്ടാം ഭാഗമെന്ന് പ്രൊമോയിലൂടെ തന്നെ വ്യക്തമായിരുന്നു. മാർച്ചിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. ഇപ്പോഴും ഷൂട്ടിങ് വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുകയാണ്. ജയിലർ 2വിന്റെ ക്ലൈമാക്‌സ് ഭാഗം കേരളത്തിൽ ചിത്രീകരിച്ചതായും റിപ്പോർട്ടുണ്ട്. ചിത്രത്തിലെ രജിനികാന്തും മോഹൻലാലും തമ്മിലുള്ള സീനുകൾ കേരളത്തിലെ അട്ടപ്പാടിയിൽ നിന്നും ഷൂട്ട് ചെയ്തിരുന്നു.

അതേസമയം, ജയിലർ 2 വിന്റെ റിലീസ് തീയതി പങ്കുവെച്ചിരിക്കുകയാണിപ്പോൾ രജിനികാന്ത്. കേരളത്തിലെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ 2026 ജൂൺ 12 ന് ചിത്രം തിയേറ്ററിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഭാഗത്തെക്കാൾ വലിയ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്. മലയാളി താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സുജിത്ത് ശങ്കർ, വിനീത് തട്ടിൽ, അന്ന രാജൻ, സുനിൽ സുഖദ, കോട്ടയം നസീർ, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് എന്നിവരും രണ്ടാം ഭാഗത്തില് വേഷമിടുന്നുണ്ട്. രമ്യ കൃഷ്ണൻ, യോഗി ബാബു, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവരും ജയിലർ 2വിലുണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നു.

എസ്.ജെ. സൂര്യയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് താരം ബാലകൃഷ്ണയും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

Content Highlight: Rajinikanth shares the release date of Jailer 2

We use cookies to give you the best possible experience. Learn more