| Friday, 21st November 2025, 12:16 pm

രജിനികാന്ത് ചിത്രം 'അണ്ണാമലൈ' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; റിലീസ് തീയതി പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്ത് ചിത്രം അണ്ണാമലൈ റീ റിലീസിന് ഒരുങ്ങുന്നു. രജിനികാന്തിന്റെ 75ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 12ന് സിനിമ റീ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ സിനിമ അന്നത്തെ  സൂപ്പര്‍ ഹിറ്റായിരുന്നു.

ജെഫ്രി ആര്‍ച്ചറുടെ 1979 ലെ കെയ്ന്‍ ആന്‍ഡ് ആബെല്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി 1987ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ ഖുദ്ഗര്‍സിന്റെ റീമേക്കാണ് അണ്ണാമലൈ. കവിതാലയ പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിച്ചത്. രജിനികാന്ത് നായകവേഷത്തിലെത്തിയ സിനമിയില്‍ ഖുശ്ബു, ശരത് ബാബു, രേഖ രവി, ജനരാജ്, നിഴല്‍ഗള്‍ രവി, പ്രഭാകര്‍ എന്നിങ്ങനെ വന്‍താര നിര തന്നെയുണ്ട്.

റീ റിലീസായി വന്ന് സിനിമകള്‍ ഹിറ്റടിക്കുന്ന ഈ സമയത്ത് അണ്ണാമലൈയും വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗണേഷ് കുമാര്‍ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി. എസ് പ്രകാശാണ്.

ലോകേഷ്  കനകരാജിന്റെ സംവിധാനത്തില്‍ വന്ന കൂലിയാണ് രജിനികാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചന്ദ്രു അന്‍പകഴകനും ലോകേഷും ചേര്‍ന്ന് തിരക്കഥയൊരുക്കിയ സിനിമ തിയേറ്ററില്‍ ആവറേജ് വിജയമാണ് സ്വന്തമാക്കിയിരുന്നത്.

രാജമൗലിയുടെ ബാഹുബലിയാണ് റീ റിലീസായി എത്തി ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ. രണ്ട് ഭാഗങ്ങള്‍ ചേര്‍ത്ത് ഒറ്റ സിനിമയായാണ് ബാഹുബലി വീണ്ടും പ്രേക്ഷകരിലേക്കെത്തിയത്. പ്രീ സെയിലിലൂടെ മാത്രം എട്ട് കോടിയിലേറെ നേടിയ ചിത്രം ആദ്യദിനം 20 കോടിയാണ് ലോകമെമ്പാടുമായി സ്വന്തമാക്കിയത്.

Content highlight: Rajinikanth’s film Annamalai is getting ready for a re-release

We use cookies to give you the best possible experience. Learn more