| Monday, 4th August 2025, 8:13 pm

അന്ന് ഞാൻ ആദ്യമായി പൊട്ടിക്കരഞ്ഞു; കൂലിപ്പണി ചെയ്തിരുന്ന കാലത്തെ ഓർത്തെടുത്ത് രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പർസ്റ്റാർ രജിനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഈ മാസം പതിനാലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗംഭീര ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്നിരുന്നു. ചടങ്ങിൽ രജിനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സിനിമയിൽ എത്തുന്നതിന് മുമ്പ് കൂലിപ്പണി ചെയ്തിരുന്ന കാലത്തെ കുറിച്ചാണ് രജിനികാന്ത് വേദിയിൽ സംസാരിച്ചത്. ജോലി സ്ഥലങ്ങളിൽ താൻ സ്ഥിരമായി പരിഹാസ്യനാകാറുണ്ടായിരുന്നുവെന്ന് രജിനികാന്ത് പറഞ്ഞു. പരിഹസിക്കപ്പെട്ടതോർത്ത് പലപ്പോഴും താൻ കരഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ കൂലിപ്പണിക്കാരനായിരുന്നപ്പോൾ പലതവണ എന്നെ മുതലാളിമാർ ചീത്തവിളിച്ചിട്ടുണ്ട്. ഒരു ദിവസം ഒരാൾ തന്റെ ടെംപോയിൽ ലഗേജ് കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു. അതിന് എനിക്ക് കൂലിയായി രണ്ട് രൂപ തന്നു. ഞാൻ ലോഡ് കയറ്റിക്കൊണ്ടിരിക്കുമ്പോഴെല്ലാം അയാളുടെ ശബ്ദം എനിക്ക് വളരെ പരിചിതമായി തോന്നി. പിന്നെ അടുത്തുചെന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഞാൻ പണ്ട് കളിയാക്കാറുണ്ടായിരുന്ന എന്റെ കോളേജ് മേറ്റാണ് അയാളെന്ന് മനസിലായത്,’ രജിനികാന്ത് പറയുന്നു.

തങ്ങൾ പരസ്പ്പരം കണ്ട ആ നിമിഷം അയാൾ തന്നെ പരിഹസിച്ചുവെന്ന് രജിനികാന്ത് പറയുന്നു. ‘കോളേജിൽ പഠിക്കുന്ന സമയത്ത് നീ എത്ര അഹങ്കാരിയായിരുന്നു. എന്നിട്ട് നോക്ക് ഇപ്പോൾ എന്ത് ജോലിയാണ് എടുക്കുന്നത്’ എന്ന് അയാൾ പറഞ്ഞെന്നും അപ്പോൾ തനിക്ക് വല്ലാതെ ചെറുതായതുപോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് ജീവിതത്തിൽ ആദ്യമായി താൻ പൊട്ടിക്കരഞ്ഞെന്ന് രജിനികാന്ത് കൂട്ടിച്ചേർത്തു.

ലോകേഷ് കനകരാജിനെ കുറിച്ചും വേദിയിൽ രജിനികാന്ത് സംസാരിച്ചു. കൂലിയിലെ യഥാർത്ഥ നായകൻ ലോകേഷ് ആണെന്ന് അദ്ദേഹം പറഞ്ഞു.

‘കൂലിയുടെ യഥാർത്ഥ നായകൻ മറ്റാരുമല്ല, സംവിധായകൻ ലോകേഷ് കനകരാജാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിജയകരമായ കൊമേഷ്യൽ സംവിധായകരിൽ ഒരാളായ അദ്ദേഹം എന്നോടൊപ്പം പ്രവർത്തിക്കുന്നത് എനിക്ക് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. വളരെ മികച്ച ഒരു താരനിരയെ ഒരുമിച്ച് കൊണ്ടുവന്ന് അദ്ദേഹം ഒരു കൊടുങ്കാറ്റ് തന്നെ കൂലിയിൽ സൃഷ്ടിച്ചിട്ടുണ്ട്,’ രജിനികാന്ത് പറയുന്നു.

Content Highlight: Rajinikanth recalls his days as a wage labourer

We use cookies to give you the best possible experience. Learn more