ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ. മാരി സെൽവരാജിന്റെ മുൻ ചിത്രങ്ങളെപ്പോലെ ജാതിയുടെ രാഷ്ട്രീയം ശക്തമായി തന്നെ ബൈസണിൽ സംസാരിക്കുന്നുണ്ട്.
ചിത്രത്തിൽ ധ്രുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് കേൾക്കുന്നത്. ഇപ്പോൾ ചിത്രം കണ്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ് സൂപ്പർസ്റ്റാർ രജിനികാന്ത്.
‘സൂപ്പർ മാരി… സൂപ്പർ… ബൈസൺ കണ്ടു. നിങ്ങളുടെ ഓരോ സിനിമയിലുമുള്ള പരിശ്രമവും വ്യക്തിത്വവും എന്നെ അത്ഭുതപ്പെടുത്തുന്നു. വാഴ്ത്തുക്കൾ’ എന്നാണ് രജിനികാന്ത് പറഞ്ഞത്.
അതേസമയം, ബൈസൺ വിജയകരമായി പ്രദർശനം തുടരുകയാണ്. നാല് ദിവസത്തെ കാലയളവിൽ ബൈസണിന്റെ കളക്ഷൻ 25 കോടി കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് മാത്രം 19 കോടി ചിത്രം സ്വന്തമാക്കി. കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്നും 50 ലക്ഷം ചിത്രം സ്വന്തമാക്കി. ആദ്യ ആഴ്ചയിൽ 50 കോടി സ്വന്തമാക്കുമെന്നാണ് വിശ്വസിക്കുന്നത്.
ജാതി സംഘർഷങ്ങളും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും സ്ഥിരം വാർത്തയായ തമിഴ്നാട്ടിലെ ഗ്രാമത്തിൽ നിന്നുള്ള കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. തമിഴ് നാട്ടിലെ സാധാരണ ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ കബഡി ടീമിലെത്തിയ കിട്ടൻ എന്ന യുവാവിന്റെ കഥയാണ് ബൈസൺ പറയുന്നത്.
പശുപതി, രജിഷ വിജയൻ, അനുപമ പരമേശ്വരൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വാഴൈക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത സിനിമയാണിത്.
അപ്ലാസ് എന്റർടൈൻമെന്റിന്റെയും നീലം സ്റ്റുഡിയോസ്സിന്റെയും ബാനറിൽ സമീർ നായർ, ദീപക് സീഗൾ, പാ. രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവർ സംയുക്തമായി ചേർന്നാണ് സിനിമ നിർമിച്ചത്.
Content Highlight: Rajinikanth congratulates Bison and Mari Selvaraj