അല്‍ഫോണ്‍സ് പുത്രന്റെ നേരം, പ്രേമം എന്നീ സിനിമകളിലെ പാട്ടുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് രാജേഷ് മുരുഗേഷന്‍. ഇരുസിനിമകളുടെ റീമേക്കിലും രാജേഷ് തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. നേരത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ആദ്യ സിനിമകളിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
രാജേഷ് മുരുഗേശന്റെ കരിയറിലെ മികച്ച വര്‍ക്കില്‍ ഒന്നാണ് പ്രേമം. പ്രേമത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ‘റോക്കന്‍ക്കുത്ത്’ എന്ന പാട്ടിനെ കുറിച്ച് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് രാജേഷ് മുരുഗേശന്‍.
‘പ്രേമത്തിലെ ഒരു പാട്ട് അനുരുദ്ധാണ് പാടിയത്. എല്ലാവര്‍ക്കും അതൊരു സംശയമാണ്. കഴിഞ്ഞ ദിവസം വരെ എന്നോടൊരാള്‍ ചോദിച്ചിരുന്നു. ഞാന്‍ അതെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. അതേടോ…അനിരുദ്ധ് തന്നെയാണ് ‘റോക്കന്‍കുത്ത്’ എന്ന പാട്ട് പാടിയത്,’ രാജേഷ് മുരുഗേശന്‍ പറയുന്നു.
പ്രേമത്തിലെ മറ്റൊരു ഹിറ്റ് പാട്ടായിരുന്നു ‘കണ്ണ് ചുവക്കണ്’. ശബരീഷ് വര്‍മയും മുരളി ഗോപിയുമായിരുന്നു ആ പാട്ട് പാടിയത്. വണ്‍ ബൈ റ്റു എന്ന സിനിമയിലെ മുരളി ഗോപിയുടെ പ്രകടനം കണ്ടിട്ടാണ് അദ്ദേഹത്തെ പ്രേമത്തിലെ പാട്ട് പാടാന്‍ വേണ്ടി വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാനും സുഹൃത്തും ചേര്‍ന്ന് വണ്‍ ബൈ റ്റു എന്ന സിനിമ കാണാന്‍ വേണ്ടി പോയി. എനിക്ക് മുരളി ഗോപിയുടെ അഭിനയം ഒരുപാട് ഇഷ്ടമായി. അയാളൊരു രാക്ഷസനാണല്ലോയെന്ന് തോന്നി. അന്നാണ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് ആലോചിക്കുന്നത്.
അദ്ദേഹത്തിന് ആ പാട്ട് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നി. അങ്ങനെ അതിനുവേണ്ടി ഒരു ഐഡിയ ഉണ്ടാക്കി. ചെകുത്താന്റെ കോട്ടയിലേക്ക് കയറുന്നത് പോലെയുള്ള വൈബ് ക്രിയേറ്റ് ചെയ്തു. ‘കണ്ണു ചുവക്കണ്’ എന്നൊക്കെയുള്ള വരികള്‍ കൊണ്ടുവന്നത് അതുകൊണ്ടായിരുന്നു,’ രാജേഷ് മുരുഗേശന്‍ പറഞ്ഞു.
വരികളെഴുതിയ ശേഷം മുരളി ഗോപിയെ വിളിച്ചെന്നും അദ്ദേഹത്തിന് ആ പാട്ട് ഒരുപാട് ഇഷ്ടമായെന്നും രാജേഷ് പറഞ്ഞു. എന്നാല്‍ റെക്കോഡിങ്ങിന്റെ ആണ് വിളിച്ചപ്പോള്‍ ‘രാജേഷേ, എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. എന്റെ തൊണ്ട അത്ര ശരിയല്ല’ എന്ന് മുരളി ഗോപി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ ശബ്ദമാണ് തനിക്ക് വേണ്ടതെന്നും കുഴപ്പമില്ലെന്നും പറഞ്ഞെന്നും അങ്ങനെയാണ് മുരളി ഗോപി ആ പാട്ട് പാടുന്നതെന്നും രാജേഷ് പറയുകയുണ്ടായി.
Content Highlight: Rajesh Murugesan says Anirudh Ravichander sang Rockenkuthu Song in Premam Movie