| Monday, 28th July 2025, 3:03 pm

സിനിമയിലെ എന്റെ ആദ്യ ഷോട്ട് ആ നടനൊപ്പമായിരുന്നു: രാജേഷ് മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ആളാണ് രാജേഷ് മാധവന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് രാജേഷ് ക്യാമറക്ക് മുന്നിലെത്തുന്നത്. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് നായകനായും തന്റെ കഴിവ് തെളിയിച്ചു.

അടുത്തു വന്ന മികച്ച പ്രതികരണം ലഭിക്കുന്ന ധീരന്‍ സിനിമയിലും രാജേഷിന്റെ പ്രകടനത്തിന് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.

‘ആദ്യമായി സിനിമയില്‍ അവസരം ലഭിക്കുന്നത് മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്. അതില്‍ ചെറിയ ഒരു വേഷം ലഭിച്ചു. പക്ഷേ, ആ കഥാപാത്രം ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ആയി മാറി. പിന്നീട് അത് മീം ആയി. ഇന്നും അത് ട്രോളിനും സ്റ്റിക്കറിലുമൊക്കെ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്,’ രാജേഷ് പറയുന്നു.

മഹേഷിന്റെ പ്രതികാരത്തിന് ഓക്കെ പറഞ്ഞതിനുശേഷം താന്‍ റാണി പത്മിനിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചുവെന്നും അതായിരുന്നു ക്യാമറയ്ക്ക് മുന്നിലുള്ള ആദ്യത്തെ അനുഭവമെന്നും അദ്ദേഹം പറയുന്നു. ആദ്യ ഷോട്ട് നടന്‍ കുഞ്ചനൊപ്പമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധായകന്‍ മധുവേട്ടന്‍ അന്ന് അതിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞു, എടാ നീ നന്നായി ചെയ്തിട്ടുണ്ട് എന്ന്. അതായിരുന്നു എനിക്ക് കിട്ടിയ ആദ്യത്തെ പ്രോത്സാഹനം. ആദ്യമായിട്ട് അഭിനയിക്കുന്നതിന്റെ പേടിയുണ്ടായിരുന്നു. പക്ഷേ, ആ സെറ്റില്‍ ആളുകള്‍ ഭയങ്കര കംഫര്‍ട്ട് ആയിരുന്നു,’ നടന്‍ പറയുന്നു.

ശ്യാംപുഷ്‌കരന്‍, രവി രവിശങ്കര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവെരാക്കെ ആയിരുന്നു സിനിമയില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഷിക് അബു കൂള്‍ ആയിട്ടുള്ള സംവിധായകനാണെന്നും അവരോടൊ പ്പമൊക്കെ പ്രവര്‍ത്തിച്ചപ്പോള്‍ താന്‍ പതിയെ സിനിമയോട് കൂടുതല്‍ അടുത്തുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

Content highlight: Rajesh madhavan  talks about his film career

We use cookies to give you the best possible experience. Learn more