| Monday, 23rd February 2026, 11:07 pm

അടുത്തയാഴ്ച സിനിമ ചെയ്യാം എന്ന ആഗ്രഹത്തിലാണ് ഞാനും വന്നത്: അത് ഞങ്ങളുടെ സമയമായിരുന്നില്ല: രാജേഷ് മാധവന്‍

ഐറിന്‍ മരിയ ആന്റണി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് രാജേഷ് മാധവന്‍. പിന്നീട് ദിലീഷ് പോത്തന്റെ തന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജേഷ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ്ന്നാ താന്‍ കേസുകൊട്, മരണമാസ് എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.

സംവിധാന മോഹവുമായി സിനിമയിലെത്തത്തിയ താരം പിന്നീട് നടനായി മലയാള സിനിമയില്‍ തിളങ്ങി. ദിലീഷ് പോത്തനോട് കഥ പറയാന്‍ വേണ്ടി പോയപ്പോഴാണ് അദ്ദേഹം തന്നെ അഭിനയിപ്പിച്ചതെന്ന് രാജേഷ് മുമ്പും പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

രാജേഷിന്റെ ആദ്യ സംവിധാന സംരഭമായ പെണ്ണും പൊറാട്ടും കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ പ്രേക്ഷകരില്‍ നിന്ന് മികച്ച നിരൂപക പ്രശംസ നേടി. ഇപ്പോള്‍ മലയാള മനോരമ ദിനപത്രവുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് മനസ് തുറക്കുകയാണ് രാജേഷ് മാധവന്‍. അടുത്തയാഴ്ച സ്വന്തം സിനിമ ചെയ്യാം എന്ന ആഗ്രഹത്തിലാണ് എല്ലാവരെയും പോലെ താനും സിനിമയില്‍ എത്തിയതെന്ന് അദ്ദേഹം പറയുന്നു.

‘ആദ്യം സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചത് പി.വി.ഷാജികുമാറിന്റെ മരണവംശമെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്. നോവല്‍ ഇറങ്ങുന്നതിനും മുമ്പായിരുന്നു അത്. അതൊരു വലിയ സിനിമയായതിനാല്‍ അതിന് മുമ്പ് ഒരു കുഞ്ഞു സിനിമ ചെയ്യാനായി കാര്യങ്ങള്‍ നീക്കി. പലരോടും കഥ പറഞ്ഞു.

കഥ ഇഷ്ടമാകുന്നുണ്ടെങ്കിലും എങ്ങനെ ചെയ്‌തെടുക്കും എന്ന ആശങ്ക കഥ കേള്‍ക്കുന്നവര്‍ക്കുണ്ടായി. എന്തോ.. ഞങ്ങളുടെ സമയം അല്ലായിരുന്നുവെന്ന് വേണം കരുതാന്‍. ആ സമയത്താണ് മഹേഷിന്റെ പ്രതികാരം വരുന്നത്,’ രാജേഷ് മാധവന്‍ പറയുന്നു.

പിന്നെ അധികം ഇടവേളകള്‍ കൊടുക്കാതെ കുറെ സിനിമകള്‍ മുന്നണിയിലും പിന്നണിയിലുമായി ചെയ്തുവെന്നും ഈ സിനിമയുടെ എഴുത്തുകാരന്‍ രവിശങ്കറും താനും ഒരുമിച്ചാണ് സിനിമയിലേക്കു വരുന്നതെന്നും രാജേഷ് മാധവന്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഈ കഥ തങ്ങള്‍ക്കൊപ്പമുണ്ടെന്നും നിര്‍മാതാവ് സന്തോഷ് ടി.കുരുവിളയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പനയും ഇതു നമുക്ക് ചെയ്യാമെന്നു പറഞ്ഞതോടെയാണ് തങ്ങളും ആവേശത്തിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണവംശം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയുടനെ ഉണ്ടാകുമെന്നും രാജേഷ് മാധവന്‍ പറഞ്ഞു.

Content Highlight: Rajesh Madhavan talks about his directorial aspirations

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more