| Monday, 9th February 2026, 11:59 pm

പൊലീസുകാരായി നമുക്ക് പൊലീസുകാരെ തന്നെ കാസ്റ്റ് ചെയ്യാം; ദിലീഷ് പോത്തന്റെ തെരഞ്ഞെടുപ്പുകളെ കുറിച്ച് രാജേഷ് മാധവന്‍

അശ്വിന്‍ രാജേന്ദ്രന്‍

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അഭിനേതാവാണ് രാജേഷ് മാധവന്‍. മരണമാസ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ തിളങ്ങിയ രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെണ്ണും പൊറാട്ടും.

Photo: IMDB

നാനൂറോളം മൃഗങ്ങളും നൂറോളം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രമെന്ന സവിശേഷതയും പെണ്ണും പൊറാട്ടിനുമുണ്ട്. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആദ്യ സംവിധാന സംരഭമായിട്ട് കൂടി നൂറോളം പുതുമുഖങ്ങളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനുണ്ടായ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജേഷ്, ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍.

‘എനിക്കെപ്പോഴും സിനിമ എന്ന് പറയുമ്പോള്‍ ഒരു പുതിയ ലോകത്ത് പുതിയ ആള്‍ക്കാരെ കൊണ്ടുവരുന്നതിനോട് ആണ് താത്പര്യം. ഹോളിവുഡ് ചിത്രങ്ങളെല്ലാം കാണുമ്പോള്‍ നമുക്ക് ഒരു ഫിക്ഷണല്‍ ആയിട്ടുള്ള ഫീലിങ്ങ് ആണല്ലോ. അത്തരത്തില്‍ കഥ പറയുന്ന രീതി എനിക്ക് വളരെയധികം ഇഷ്ടമാണ്, അതിന് പുതിയ ആള്‍ക്കാര്‍ നിര്‍ബന്ധമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മാത്രമല്ല കാസ്റ്റിങ്ങ് എല്ലാം ഞാന്‍ ദിലീഷ് പോത്തന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് പഠിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലേക്ക് പൊലീസ്‌കാരെ തന്നെ കാസ്റ്റ് ചെയ്യാം എന്നായിരുന്നു പോത്തന്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇന്ന് അത് ഓക്കെയായിരിക്കും പക്ഷേ അന്നത്തെ കാലത്ത് അത് ആലോചിക്കാന്‍ കൂടി കഴിയില്ല,’ രാജേഷ് പറയുന്നു.

പിന്നീട് അത് സിനിമയില്‍ പ്രാവര്‍ത്തികമായെന്നും താനിപ്പോഴും നേരിട്ട് കണ്ടിട്ടുള്ള അത്ഭുതങ്ങളിലൊന്ന് തൊണ്ടിമുതലിന്റെ എക്‌സിക്യൂഷന്‍ ആണെന്നും രാജേഷ് പറയുന്നു. ഇതിന്റെ തുടര്‍ച്ച താന്‍ തിങ്കളാഴ്ച്ച നിശ്ചയത്തിലും ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലായാലും കണ്ടെന്നും അതിന്റെ തുടര്‍ച്ച മാത്രമാണ് പെണ്ണും പൊറാട്ടിലുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo: screen grab/ 123 musix/ Youtube.com

രവിശങ്കര്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിഫലില്‍ നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സുട്ടു എന്ന നായയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ടൊവിനോ തോമസ് ആണ്.

Content Highlight: Rajesh Madhavan talks about casting in his new film pennum porattum

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more