| Monday, 2nd March 2026, 8:13 am

മമ്മൂക്ക മെസേജ് അയക്കും, നമ്മുടെ കഥ എന്തായി എന്ന് ചോദിക്കും; എന്റെ മനസിലുള്ള ക്യാരക്റ്റർ അദ്ദേഹം ചെയ്യുമോ എന്നറിയില്ല: രാജേഷ് മാധവൻ

നന്ദന എം.സി

ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത മഹേഷിൻ്റെ പ്രതികാരത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചയാളാണ് രാജേഷ് മാധവൻ. തുടർന്ന് ദിലീഷിന്റെ തന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്‌ടറായി പ്രവർത്തിച്ചു.

തിങ്കളാഴ്ച്ച നിശ്ചയം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം, ആദ്യമായി സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും എന്ന ചിത്രവും ശ്രദ്ധേയമായി.

ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹവുമായി ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയെ കുറിച്ചും റെഡ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് രാജേഷ് മാധവൻ.

രാജേഷ് മാധവൻ, Photo: Cinema Express

‘മരണവംശം’ തൊടാൻ ഒന്ന് പേടിക്കേണ്ട തരം പുസ്‌തകമാണ്. അതുകൊണ്ട് ഞങ്ങൾ മെല്ലെ മെല്ലെ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഉള്ള നോവലിനെ തന്നെ സിനിമയാക്കുക എന്നുള്ളതല്ല ഞങ്ങളുടെ കോൺസെപ്റ്റ്.

നോവലിൽ നിന്നുള്ള മെയിൻ കോർ കോൺടെന്റ് എടുത്തിട്ടാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. നോവലിൽ പറയുന്ന കഥകളെല്ലാം സത്യത്തിൽ നടന്ന സംഭവങ്ങളാണ്. ആ സംഭവങ്ങളെ ബേസ് ചെയ്ത് സിനിമ ഉണ്ടാക്കാനാണ് തീരുമാനം.

ഈ കാലഘട്ടത്തിൽ അത്തരത്തിലുള്ള ഒരു കഥ എങ്ങനെ ചെയ്യണമെന്ന ആലോചനയുമുണ്ട്. അതിങ്ങനെ നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും അത് കുറച്ച് സ്റ്റാറുകളുള്ള സിനിമയായിരിക്കും,’ രാജേഷ് മാധവൻ പറഞ്ഞു.

മമ്മൂട്ടി, Photo: Facebook/ Screengrab

ആ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘മമ്മൂക്കയുടെ കാര്യം അതിൽ അറിയില്ല. മമ്മൂക്ക എനിക്കൊരു അവസരം തന്നിട്ടുണ്ട് കഥ പറയാൻ. അത് കുറച്ച് കാലമായി അങ്ങനെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ മമ്മൂക്കയോട് പറയാൻ പറ്റിയ ഒരു കഥ ആയിട്ടില്ല.

മമ്മൂക്ക ഇടക്കിടെ മെസ്സേജ് അയക്കും നമ്മുടെ കഥ എന്തായി എന്ന് ചോദിച്ച്. പോയി കണ്ടു കഴിഞ്ഞാലും ചോദിക്കും. അങ്ങനെ അത് നിരന്തരം കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തിന് വേണ്ടി ഒരു സിനിമ ഉണ്ടാക്കണം. മരണവംശത്തിൽ അഞ്ച് കുട്ടികളുടെ കഥയാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്. അത് മമ്മൂക്കയ്ക്ക് കൊടുക്കാൻ പറ്റിയ കഥാപത്രമല്ല.

എന്നാൽ ഞാൻ മനസിൽ ഉദ്ദേശിക്കുന്ന ഒരു ക്യാരക്ടർ ഉണ്ട്. അത് മമ്മൂക്ക ചെയ്യുമോ എന്നറിയില്ല. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. അതിന് വേണ്ടി പണി എടുത്തുകൊണ്ടിരിക്കുകയാണ്,’ രാജേഷ് മാധവൻ പറഞ്ഞു

Content Highlight: Rajesh madhavan talk about Mammootty

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more