| Tuesday, 29th July 2025, 10:42 pm

സമ്മര്‍ദം കൂടിയപ്പോഴാണ് കാസ്റ്റിങ് ഡയറക്ടറുടെ ജോലി അവസാനിപ്പിച്ചത്: രാജേഷ് മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് രാജേഷ് മാധവന്‍. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് നായകനായും തന്റെ കഴിവ് തെളിയിച്ചു.

ഈയിടെ പുറത്തിറങ്ങിയ ധീരന്‍ സിനിമയിലും രാജേഷിന്റെ പ്രകടനത്തിന് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍ ആയിരുന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രാജേഷ് മാധവന്‍.

‘കാസ്റ്റിങ് ഡയറക്ടറാകുക എന്നുള്ളത് ഒരു വലിയ വെല്ലുവിളിയാണ്. രാജേഷ് മാധവനാണോ കാസ്റ്റിങ് ഡയറക്ടര്‍, എന്നാല്‍പ്പിന്നെ ഈ പടത്തില്‍ പേര് കൊടുക്കേണ്ട എന്നാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നോട് പറയാറുള്ളത്.

ഇന്നുവരെ സുഹൃത്ത് എന്ന നിലയില്‍ ആര്‍ക്കും ഒരു പരിഗണന ഞാന്‍ കൊടുത്തിട്ടില്ല. അതുപോലെ നേരിട്ട് പരിചയമുള്ള അടുത്ത സുഹൃത്തുക്കളെയൊന്നും ഞാനിതുവരെ കാസ്റ്റ് ചെയ്തിട്ടുമില്ല,’രാജേഷ് മാധവന്‍ പറയുന്നു.

നമുക്ക് അടുത്തുള്ള ആളുകളെ ഓവര്‍കം ചെയ്ത് റോളിനോട് ശരിയായ ആളെ തെരഞ്ഞെടുക്കുന്നത് വലിയ ടാസ്‌ക് ഉള്ള പരിപാടിയാണെന്നും ഒരാള്‍ക്ക് പറ്റിയ ക്യാരക്ടറാണെങ്കില്‍ മാത്രമാണ് താന്‍ അവരെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പലരെയും കാസ്റ്റ് ചെയ്യാതിരിക്കുമ്പോള്‍ അവര്‍ക്ക് വലിയ മാനസികവിഷമം ഉണ്ടാകാറുണ്ടെന്നും രാജേഷ് പറഞ്ഞു.

‘നമ്മള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചാലും ഹൃദയംകൊണ്ട് മനസിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരിക്കലും തലച്ചോറുകൊണ്ട് ചിന്തിക്കില്ല. അതുകൊണ്ടു തന്നെ പലരും എന്നെ കണ്ടാല്‍പ്പിന്നെ മൈന്‍ഡുപോലും ചെയ്യില്ല. ഇതൊക്കെ തരണംചെയ്‌തേ പറ്റൂ. കാരണം സിനിമയിലെ വളരെ പ്രധാനപ്പെട്ട ജോലിയാണ് കാസ്റ്റിങ്. സമ്മര്‍ദം കൂടിയപ്പോഴാണ് കാസ്റ്റിങ് പരിപാടി തത്കാലം നിര്‍ത്തിവെച്ചത്,’രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Rajesh Madhavan shares his experience as a casting director

We use cookies to give you the best possible experience. Learn more