| Thursday, 20th October 2022, 11:20 pm

സിനിമയോടുള്ള ആഗ്രഹം മൂലം വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേര്‍ന്നു, ഫീസ് കൊടുക്കാത്തതിന് ക്ലാസിന് പുറത്തായിട്ടുണ്ട്: രാജേഷ് മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച കുടുംബമായിരുന്നു തന്റേതെന്നും വിഷ്വല്‍ മീഡിയ കോഴ്‌സിന് പഠിക്കുന്ന സമയത്ത് ഫീസ് കൊടുക്കാനാവാത്തത് മൂലം പഠനം നിര്‍ത്തേണ്ട അവസ്ഥ പോലും വന്നിരുന്നുവെന്നും പറയുകയാണ് രാജേഷ് മാധവന്‍. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ പറ്റി രാജേഷ് മാധവന്‍ സംസാരിച്ചത്.

‘ഭയങ്കര കഷടപ്പാടുകളാണ് അനുഭവിച്ചത്. മുന്നാട് പീപ്പിള്‍സ് കോളജില്‍ നിന്ന് ബി.ബി.എം കഴിഞ്ഞ ഞാന്‍ സിനിമയോടുള്ള അതിയായ ആഗ്രഹം മൂലം കൊച്ചിയിലേക്ക് വണ്ടികയറുകയായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന കുടുംബത്തിലാണ് എന്റെ ജനനം.

എന്നിട്ടും കൊച്ചിയില്‍ പി.ജിക്ക് വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേരാനുള്ള ഉള്‍വിളിയില്‍ നാട്ടില്‍നിന്നു തിരിച്ചു. സുഹൃത്തുക്കളാണ് അവിടെ താങ്ങായത്. ബിജോയ് അടക്കമുള്ള സഹപാഠികള്‍ ആറു മാസത്തോളം ഫീസ് കൊടുത്തു. സെക്കന്‍ഡ് സെമസ്റ്റര്‍ കഴിഞ്ഞതോടെ മുന്നോട്ടുപോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചുദിവസം ക്ലാസിന് പുറത്തായി.

ഏറെ പ്രതീക്ഷയോടെ നാട്ടില്‍നിന്ന് തിരിച്ച ഞാന്‍ വേദനയോടെയാണെങ്കിലും ആ തീരുമാനം എടുത്തു. പഠനം ഉപേക്ഷിക്കാം. അപ്പോഴാണ് സഹപാഠിയായ ഷാര്‍ലെറ്റും കുടുംബവും ഒരു വിദ്യാര്‍ഥിയെ സപോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം അറിയിക്കുന്നത്. എന്നെ സപോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല. പക്ഷേ, ഇതില്‍ അഭിമാനക്കുറവ് ഒന്നും വിചാരിക്കേണ്ട, ഒരു സുഹൃത്ത് സഹായിക്കുന്നു എന്ന കരുതിയാല്‍ മതിയെന്ന അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. പത്തുമാസത്തോളം എന്റെ ഫീസും മറ്റും അവരാണ് കൊടുത്തത്,’ രാജേഷ് പറഞ്ഞു.

ന്നാ താന്‍ കേസ് കൊടാണ് ഒടുവില്‍ പുറത്ത് വന്ന രാജേഷ് മാധവന്റെ ചിത്രം. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ഓള്‍ട്ടോയാണ് ഇനി പുറത്ത് വരാനിരിക്കുന്ന രാജേഷിന്റെ ചിത്രം. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍.

Content Highlight: Rajesh Madhavan says that he had to stop studying for the visual media course due to not being able to pay the fee

Latest Stories

We use cookies to give you the best possible experience. Learn more