| Tuesday, 22nd July 2025, 11:07 am

ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമ ജീവിതം തന്നെ മാറ്റിമറിച്ചു: രാജേഷ് മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ആളാണ് രാജേഷ് മാധവന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് രാജേഷ് ക്യാമറക്ക് മുന്നിലെത്തുന്നത്. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ രാജേഷ് മാധവന്‍ പിന്നീട് നായകനായും തന്റെ കഴിവ് തെളിയിച്ചു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്ന ധീരനിലും രാജേഷിന്റെ പ്രകടനത്തിന് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിലെ രണ്ട് സീനില്‍ മാത്രമാണ് രാജേഷ് മാധവന്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജേഷ് മാധവന്‍. തന്റെ ജീവിതം തന്നെ ആ സിനിമക്ക് ശേഷം മാറിയെന്ന് രാജേഷ് മാധവന്‍ പറഞ്ഞു. ഒരു സുപ്രഭാതത്തിലാണ് തന്നെത്തേടി മഹേഷിന്റെ പ്രതികാരത്തിലേക്കുള്ള വിളി വന്നതെന്നും അങ്ങനെ പോയി ചെയ്ത സിനിമയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് കാലം സിനിമ സ്വപ്‌നം കണ്ട് നടന്നിരുന്നെന്നും എന്നാല്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. കഥയെഴുത്തിലും സംവിധാനത്തിലുമായിരുന്നു ആ സമയത്ത് കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്നും എന്നാല്‍ അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാജേഷ് മാധവന്‍ പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹേഷിന്റെ പ്രതികാരത്തില്‍ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു.

എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്,’ രാജേഷ് മാധവന്‍ പറഞ്ഞു.

ദിലീഷ് പോത്തന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ റിയലിസ്റ്റിക് സിനിമകള്‍ കൂടുതലായി വന്നത് ഈ സിനിമക്ക് ശേഷമാണ്. രണ്ട് സംസ്ഥാന അവാര്‍ഡുകളും രണ്ട് ദേശീയ അവാര്‍ഡും ചിത്രം സ്വന്തമാക്കി.

Content Highlight: Rajesh Madhavan saying Maheshinte Prathikaram movie changed his life

We use cookies to give you the best possible experience. Learn more