| Saturday, 21st March 2026, 7:30 pm

ആ കല്യാണ സീനില്‍ മത്തങ്ങ കിട്ടാത്തതുകൊണ്ട് കുമ്പളങ്ങ വെച്ചു; ഞങ്ങള്‍ക്കതില്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല: രാജേഷ് മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നടന്‍ രജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രം ഫെബ്രുവരി യിലാണ് തിയേറ്ററുകളിലെത്തിയത്. നൂറോളം പുതുമുഖങ്ങള്‍ക്ക് പുറമെ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്നുണ്ടെന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

സന്തോഷ് ടി. കുരുവിള നിര്‍മിച്ച ഈ സിനിമയ്ക്ക് പ്രേക്ഷകരുടെ അടുത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിയേറ്റര്‍ റിലീസിന് മുമ്പ് ചിത്രത്തിന്റേതായി വന്ന ട്രെയ്ലര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ സുട്ടു നായക്ക് ടൊവിനോയുടെ ശബ്ദം ഉപയോഗിച്ചതും ചര്‍ച്ചകളില്‍ നിറഞ്ഞു.

ഇപ്പോഴിതാ, ഇത്തരം സാങ്കല്‍പികമായ മാജിക്കല്‍ റിയലിസ്റ്റ് കള്‍ചറുകള്‍ രൂപപ്പെടുത്തുമ്പോള്‍ അത് കാണികളിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യുമോ എന്ന സംശയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. തങ്ങള്‍ക്ക് അങ്ങനെയൊരു സംശയമോ ടെന്‍ഷനോ ഉണ്ടായിരുന്നില്ലെന്ന് രാജേഷ് പറയുന്നു.

‘ഇതിലെ കല്യാണ ചടങ്ങില്‍, മത്തങ്ങ കിട്ടാത്തത് കൊണ്ട് കുമ്പളങ്ങ വെച്ചിട്ടുണ്ട്. സിനിമക്ക് വേണ്ടി രൂപപ്പെടുത്തിയ ഗ്രാമറിലേക്ക് ഇതുകൂടി ചേര്‍ത്തു. ഫ്രെയ്മിന്റെ ഉള്ളിലേക്ക് നില്‍ക്കണം. കുമ്പളങ്ങ ഉടയ്ക്കുക എന്നതു ശുഭകാര്യവുമായി ബന്ധപ്പെട്ട് എവിടെയൊക്കെയോ നടക്കുന്നുണ്ട്.

ഇപ്പോള്‍ വാഴ-വാഴ കല്യാണം എന്നും കേട്ടിട്ടുണ്ട്. പെണ്ണിന് പകരം വാഴപ്പിണ്ടി കൊണ്ടുവെക്കാം എന്ന ചിന്ത അങ്ങനെ രൂപപ്പെട്ടതാണ്. ആ കല്യാണ നിശ്ചയ സീനില്‍ അഭിനേതാക്കളെ കൊണ്ട് ഇരുത്തുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് സീന്‍ കണ്‍സ്ട്രക്ട് ചെയ്യുന്നതും പൊലിപ്പിക്കുന്നതും അവര്‍ തന്നെയായിരുന്നു. സിനിമക്ക് വേണ്ടി ഇത്തരത്തിലുള്ള അവരുടെ ക്രിയേറ്റിവ് കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതാണ്,’ രാജേഷ് മാധവന്‍ പറയുന്നു.

തങ്ങള്‍ കണ്ട, വായിച്ച, കേട്ട എലമെന്റുകള്‍ വെച്ചുകൂട്ടിയാണ് സിനിമയുടെ കള്‍ച്ചറല്‍ സ്‌പേസ് ഉണ്ടാക്കുന്നതെന്നും തന്റെ നാടായ കാസര്‍ഗോഡില്‍ നിന്നെടുത്തിട്ടുള്ള ‘തച്ചു മന്ത്രിക്കല്‍’ ആണ് ഈ സിനിമയില്‍ കല്യാണ ചടങ്ങിനിടയില്‍ അനുഗ്രഹിക്കുന്നതിന്റെ ആചാരമായി എടുത്തതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ സെറ്റ് ആകുന്ന പല കാര്യങ്ങളും മറ്റ് പല ജ്യോഗ്രഫികളില്‍ നിന്നും കള്‍ച്ചറല്‍ സ്‌പേസുകളില്‍ നിന്നും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒ.ടി.ടി റിലീസ് ശേഷവും സിനിമ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പട്ടട എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പെണ്ണും പൊറാട്ടും. പട്ടടയിലെ ഒരു വീട്ടില്‍ വളര്‍ത്തുന്ന പട്ടി ചങ്ങല പൊട്ടിച്ച് ഓടുന്നതും ഗ്രാമം മുഴുവന്‍ അതിനെ പിടിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം കാണിക്കുന്ന സിനിമ സറ്റയര്‍ ഴോണറിലാണ് ഒരുങ്ങുന്നത്.

Content Highlight: Rajesh madhavan about pennum porattum movie and the narration of the movie

We use cookies to give you the best possible experience. Learn more