| Wednesday, 18th February 2026, 9:30 pm

വര്‍ഷങ്ങള്‍ക്കിപ്പുറം ആഗ്രഹിച്ച മേല്‍വിലാസത്തിലേക്കെത്താന്‍ എനിക്ക് സാധിച്ചു: രാജേഷ് മാധവന്‍

ഐറിന്‍ മരിയ ആന്റണി

നൂറോളം പുതുമുഖങ്ങളെ അണിനിരത്തി രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ മലയാള സിനിമയില്‍ ചര്‍ച്ചാ വിഷയമായി മാറുകയാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ നടനായി വെള്ളിത്തിരയിലേക്കെത്തിയ രാജേഷിന്റെ ആദ്യ സംവിധാന സംരംഭമാണ് പെണ്ണും പൊറാട്ടും. അന്താരാഷ്ട്രരാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ പെണ്ണും പൊറാട്ടും ഫെബ്രുവരി 13നാണ് തിയേറ്ററുകളിലെത്തിയത്.

പുതുമുഖങ്ങള്‍ക്ക്പുറമെ ഇരുനൂറോളം മൃഗങ്ങളും സിനിമയില്‍ അണിരക്കുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ രാജേഷ് മാധവന്‍. താന്‍ വളരെ മാജിക്കലായാണ് സിനിമയെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു.

‘ജീവിച്ചിരിക്കുന്ന ഈ ലോകമല്ലാതെ സിനിമാറ്റിക്കായിട്ടുള്ള മറ്റൊരു ലോകം നമുക്കെല്ലാവര്‍ക്കുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സിനിമ സ്വപ്നം കണ്ടുനടന്ന കാസര്‍കോട്ടുകാരന് പത്തുവര്‍ഷം മുമ്പ് നാട്ടില്‍ മേല്‍വിലാസമുണ്ടാക്കിത്തന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഇന്ന് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഞാന്‍ ആഗ്രഹിച്ച മേല്‍വിലാസത്തിലേക്കെത്താന്‍ എനിക്ക് സാധിച്ചുവെന്നതാണ് വലിയ കാര്യം.

പലപല വേഷങ്ങളിലൂടെയാണ് കടന്നുപോയത്. അഭിനേതാവായി, സഹസംവിധായകനായി, കാസ്റ്റിങ് ഡയറക്ടറായി… അഭിനയിക്കുമ്പോഴും സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു ആഗ്രഹം. പക്ഷേ, അതിന് സമയമായത് ഇപ്പോഴാണ്. മരണവംശം എന്ന സിനിമയായിരുന്നു ആദ്യം തുടങ്ങാനിരുന്നത്. അതൊരു വലിയ പ്രൊജക്ടാണ്,’ രാജേഷ് മാധവന്‍ പറയുന്നു.

ആ പ്രൊജക്ടിലേക്ക് ഇപ്പോള്‍ ഇറങ്ങേണ്ടെന്ന് കരുതിയാണ് പെണ്ണും പൊറാട്ടിലുമെത്തുന്നതെന്നും തന്റെ അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സം ഭാഷണവും എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

അതാണ് ഏറ്റവും സന്തോഷമെന്നും സിനിമയാണ് തനിക്കെല്ലാമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. ആലോചനയിലുണ്ടായിരുന്ന പല കഥകളും ഇനി പൂര്‍ത്തിയാക്കണമന്നെും അതിനെല്ലാം ഒരു തുടക്കമാകാന്‍ പെണ്ണും പൊറാട്ടിനും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിലൂടെ കരിയര്‍ തുടങ്ങിയ രാജേഷ്, പിന്നീട് ന്നാ താന്‍ കേസ് കൊട്, കനം കാമിനി കലഹം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളില്‍ കോമഡി വേഷത്തില്‍ തിളങ്ങി. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയില്‍ നായകനായും അഭിനയിച്ചു.

Content Highlight: Rajesh madhavan About his film career and the film Pennum Porat, which he directed

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more