| Thursday, 12th February 2026, 5:00 pm

കഥ കേള്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ എന്നെ കൊണ്ട് അഭിനയിപ്പിച്ചു: അങ്ങനെ ഞാന്‍ നടനായി: രാജേഷ് മാധവന്‍

ഐറിന്‍ മരിയ ആന്റണി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനയത്തിലക്ക് അരങ്ങേറ്റം കുറിച്ച നടനാണ് രാജേഷ് മാധവന്‍. പിന്നീട് നിരവധി സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളിലൂടെ തിളങ്ങിയ രാജേഷ് മരണമാസ് എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ ഒരു വില്ലന്‍ വേഷം കൈകാര്യം ചെയ്തു.

രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമായ പെണ്ണും പൊറാട്ടും ഇന്നാണ് (ഫെബ്രുവരി 12) തിയേറ്ററുകളില്‍ എത്തിയത് ഐ.എഫ്.എഫ്.കെയില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവരികയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും തന്റെ നാടായ കാസര്‍ഗോഡിനെ കുറിച്ചും സംസാരിക്കുകയാണ് രാജേഷ് മാധവന്‍.

‘എന്നെ കാസര്‍ഗോഡുകാരന്‍ അല്ലാതെ ആര്‍ക്കും ഇപ്പോഴും ഐഡന്റിഫൈ ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഇപ്പോഴും ഒരു കാസര്‍ഗോഡ് കാരന്‍ തന്നെയാണ്. തെയ്യം കാണുമ്പോഴൊക്കെ അടിമുടി കാസര്‍ഗോഡുകാരനാകും.

അത് വിശ്വാസത്തിന്റെ ഒന്നുമല്ല കള്‍ച്ചറിന്റെ ഭാഗമാണ്. എന്റെ നാടിന്റെ കള്‍ച്ചര്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, അച്ഛന്‍ പറഞ്ഞ കുടുംബ കഥകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ചെലവിന് വേണ്ടിയുള്ള പരിപാടിയാണ് ആദ്യം അഭിനയം തുടങ്ങിയത്.

അഭിനയിക്കേണ്ട എന്ന് ആഗ്രഹിച്ചാണ് ആദ്യം നിന്നത്. ഒരിക്കല്‍ പോത്തേട്ടനോട് കഥ പറയാന്‍ പോയപ്പോള്‍ നിന്നെ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു, എന്നെ അഭിനയിപ്പിക്കുകയായിരുന്നു. ഞാന്‍ കൊടുത്ത കഥയെ കുറിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല. അങ്ങനെ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ഞാന്‍ അഭിനേതാവ് ആകുന്നത്,’ രാജേഷ് പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിലെ ആ സീന്‍ വര്‍ക്ക് ആയിരുന്നുവെന്നും അതിനുശേഷമാണ് തനിക്ക് അവസരങ്ങള്‍ വന്നു തുടങ്ങിയതെന്നും നടന്‍ പറഞ്ഞു. അഭിനയ ജീവിതത്തിന് വേണ്ടി താന്‍ ഒരിക്കലും എഫേര്‍ട്ട് എടുത്തിട്ടില്ലെന്നും അത് അറിയാതെ വന്നുപോയതാണ് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു

സ്വപ്ന സമാനമായ യാത്രയായിരുന്നു അഭിനയം തനിക്ക് സമ്മാനിച്ചതെന്നും അഭിനയിച്ചതില്‍ തനിക്ക് ഒരിക്കലും നിരാശ വന്നിട്ടില്ലെന്നും നായകന്‍ വില്ലന്‍ എന്നീ റോളുകള്‍ ചെയ്യാന്‍ സാധിച്ചുവെന്നും രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Rajesh Madhavan about his film career

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more