പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രം ആരാധന റീമേക്ക് ചെയ്തു കാണാനാഗ്രഹമുണ്ടെന്ന് രാജേഷ് ഖന്ന. തന്നോട് രാജേഷ് ഖന്ന ഇക്കാര്യം ആവശ്യപ്പെട്ടതായി പ്രശസ്ത ഡയറക്ടര്‍ ശക്തി സാമന്തയുടെ മകന്‍ ആഷിം സാമന്തയാണ് പറഞ്ഞത്.
ഖന്നയും ശര്‍മിള ടാഗോറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധന പുതിയ താരങ്ങളെ ഉപയോഗിച്ച് റീമേക്ക് ചെയ്യണമെന്നാണ് ഖന്നയുടെ ആവശ്യം. ചിത്രത്തിന്റെ ഗാനങ്ങളെല്ലാം ആളുകളെ വീണ്ടും ആകര്‍ഷിക്കാന്‍ പോന്നതാണെന്നും ഖന്ന പറഞ്ഞതായി ആഷിം വ്യക്തമാക്കി.
ആരാധന റീമേക്കിന്റെ തിരക്കഥ തയ്യാറാക്കുന്നതിലും, സംഗീതത്തിന്റെ കാര്യത്തില്‍ തന്നെ സഹായിക്കാന്‍ തയ്യാറാണെന്ന് ഖന്ന അറിയിച്ചു. ഖന്നയുടെ അസുഖം മാറി നവംബറില്‍ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാമെന്നാണ് തീരുമാനം. അദ്ദേഹം ആരോഗ്യം വീണ്ടെടുത്താലുടന്‍ പ്രോജക്ട് ആരംഭിക്കും- ആഷിം പറഞ്ഞു.
ശക്തി സാമന്തയും ഖന്നയും 60കള്‍ മുതല്‍ തന്നെ നല്ല സുഹൃത്തുക്കളാണ്. ആരാധന, അമര്‍ പ്രേം, അജ്‌നബീ, മെഹ്ബൂബ, അനുരോധ്, അലഗ്, അലഗ് തുടങ്ങി പ്രേക്ഷകരെ കയ്യിലെടുത്ത നിരവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്.
അക്കാലത്തെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു ആരാധന. ചിത്രത്തെ തേടി നിരവധി അംഗീകാരങ്ങളുമെത്തിയിരുന്നു.