| Thursday, 8th May 2025, 10:38 am

മലയാള സിനിമയില്‍ ആദ്യമായാകും 8000ത്തോളം ആളുകള്‍ പങ്കെടുത്ത ഒഡീഷന്‍; പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് രാജീവ് ഗോവിന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്. മഹേഷ് ഗുരുക്കള്‍ ആദ്യമായി സംവിധാനം ചെയ്ത് രാജീവ് ഗോവിന്ദന്‍ നിര്‍മിച്ച് വരാനിരിക്കുന്ന ചിത്രമാണ് കാളിയന്‍. പൃഥ്വിരാജ് സുകുമാരനാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

പതിനേഴാം നൂറ്റാണ്ടിലെ പോരാളിയായ കുഞ്ചിറക്കോട്ട് കാളി നായരെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2017ലായിരുന്നു കാളിയന്‍ അനൗണ്‍സ് ചെയ്തിരുന്നത്. അന്ന് വലിയ ഹൈപ്പായിരുന്നു ഈ സിനിമക്ക് ലഭിച്ചത്.

ഇന്ത്യയിലെ മിക്ക ഭാഷകളിലും റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന കാളിയന്‍ എന്ന ചിത്രം ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രവും ആകുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രകഴിഞ്ഞിട്ടും ഇതുവരെ സിനിമയുടെ ഷൂട്ടിങ് പോലും ആരംഭിച്ചിട്ടില്ല.

അതേസമയം പൃഥ്വിരാജിന്റെ പല അഭിമുഖങ്ങളിലും അദ്ദേഹം കാളിയന്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കാളിയന്‍ എപ്പോള്‍ വരുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദന്‍.

കാളിയന്‍, അതിന്റെ വരവ് അറിയിക്കാന്‍ പോകുകയാണ്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളൊക്കെ പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഷൂട്ടിങ്ങിന്റെ ചില ഡേറ്റുകള്‍ സെറ്റ് ചെയ്യാനുണ്ട്. അതുപോലെ കാസ്റ്റിങ്ങിന്റെ ബാക്കി കാര്യങ്ങള്‍ നോക്കണം. അത്രമാത്രമേ ഇനി ചെയ്യാനുള്ളൂ.

കമ്പോസിങ്ങൊക്കെ കഴിഞ്ഞു. മേജര്‍ പ്രീ പ്രൊഡക്ഷന്‍ ലൊക്കേഷന്‍ ഹണ്ടിങ്ങൊക്കെ തീര്‍ത്തുവെച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ ഒരുപക്ഷെ ആദ്യമായിട്ടാകും എണ്ണായിരത്തോളം ആളുകള്‍ പങ്കെടുത്ത ഒരു ഒഡീഷന്‍ നടക്കുന്നത്.

അതും അഞ്ച് സ്ഥലങ്ങളിലായിട്ടാണ് ഈ ഒഡീഷന്‍ നടന്നത്. എറണാകുളം, തിരുവനന്തപുരം, മദ്രാസ്, മധുരൈ, ബെഗളൂരു എന്നിവിടങ്ങളിലായിരുന്നു ഇത്. അതില്‍ നിന്ന് അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സെലക്ട് ചെയ്തു.

കേരളത്തില്‍ ഇപ്പോള്‍ പല സ്ഥലങ്ങളിലും മുടിയും താടിയും വളര്‍ത്തി ആളുകള്‍ നടക്കുന്നുണ്ട് (ചിരി). ഞങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. എല്ലാവരും കാത്തിരിക്കുന്നത് പോലെ ഞാന്‍ ആ സിനിമക്കായി കാത്തിരിക്കുകയാണ്. ചില ചെറിയ പ്രശ്‌നങ്ങളുണ്ട്. അത് ഈ അടുത്ത് തന്നെ പരിഹരിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു,’ രാജീവ് ഗോവിന്ദന്‍ പറയുന്നു.


Content Highlight: Rajeev Govindan Talks About Prithviraj Sukumaran’s Kaalliyan Movie

Latest Stories

We use cookies to give you the best possible experience. Learn more