| Wednesday, 1st October 2025, 2:40 pm

രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം ശരിയല്ല; പ്രിന്റു മഹാദേവിനെ തള്ളി രാജീവ് ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവിനെ തള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

പ്രിന്റുവിന്റെ പരാമര്‍ശം ബി.ജെ.പിയുടെ നിലപാടല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രിന്റു മഹാദേവിന്റെ പരാമര്‍ശം ബി.ജെ.പിയുടെ നിലപാടല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം ശരിയായി കാണുന്നില്ല. വ്യക്തി വൈരാഗ്യം വെച്ചുപുലര്‍ത്തുന്നവരല്ല ഞങ്ങള്‍. ആശയപരമായാണ് ഞങ്ങള്‍ പോരാടുന്നത്. വികസനം ഉള്‍പ്പെടെ മുന്നോട്ടുവെച്ചാണ് ഞങ്ങളുടെ പോരാട്ടം,’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തങ്ങളുടെ ബി.ജെ.പി വക്താവ് അദ്ദേഹത്തിന്റെ ദേഷ്യം കൊണ്ട് ഒരു പ്രസ്താവന നടത്തി. അത് ശരിയല്ല.  ഇക്കാര്യം അദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മനസിലാക്കിയെന്നാണ് കരുതുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. ബി.ജെ.പി ഒറ്റക്കെട്ടായി നില്‍ക്കുന്നവരുടെ സംഘടന കൂടിയാണ്. എല്ലാവര്‍ക്കും പിന്തുണയുണ്ടാകും. ആരെയും കൈവിടുന്നവരല്ല തങ്ങളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശത്തില്‍ കേസെടുത്തതോടെ പ്രിന്റു മഹാദേവ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇന്നലെ (ചൊവ്വ) രാത്രി പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പ്രിന്റു കീഴടങ്ങുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രിന്റു സ്റ്റേഷനിലെത്തിയത്.

ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു പ്രിന്റു മഹാദേവ് പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. പിന്നാലെ പ്രിന്റുവിന് ജാമ്യവും അനുവദിച്ചിരുന്നു.

‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ, അവിടെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയുണ്ടായിരുന്നില്ല. ഇവിടെ, ഇന്ത്യ മഹാരാജ്യത്ത് ജനങ്ങള്‍ സര്‍ക്കാരിന് ഒപ്പമുണ്ട്. അതുകൊണ്ട് പല മോഹങ്ങളുമായി ഇറങ്ങിത്തിരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വരെ വെടിയുണ്ട വീഴും, ഒരു സംശയവും വേണ്ട. ജെന്‍ സി കലാപം കൊണ്ട് ഒരു ചുക്കും ഇന്ത്യയില്‍ സംഭവിക്കില്ല,’ എന്നായിരുന്നു പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചത്.

ന്യൂസ് 18ലെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു കൊലവിളി നടത്തിയത്.

Content Highlight: Rajeev Chandrasekhar rejects Printu Mahadev’s remark against Rahul Gandhi

We use cookies to give you the best possible experience. Learn more