| Monday, 5th August 2019, 10:52 am

'സൈന്യം വടക്കോട്ട് പോകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തെക്കോട്ട് പോകുന്നു'; കശ്മീരിലെ സൈനികനീക്കത്തിനെതിരെ രാജ്ദീപ് സര്‍ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിലെ സൈനികനീക്കം രാജ്യത്തു സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണെന്നതു മറയ്ക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. സൈന്യം വടക്കോട്ട് പോകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തെക്കോട്ട് പോകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഒരു രാജ്യം കശ്മീരിലെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുമ്പോള്‍, സെന്‍സെക്‌സ് 400 പോയിന്റുകള്‍ താഴെപ്പോയി. സൈന്യം വടക്കോട്ട് പോകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തെക്കോട്ട് പോകുന്നു.’- അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സി.പി.ഐ.എം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവര്‍ കശ്മീരില്‍ വീട്ടുതടങ്കലിലാണ്.

നേരത്തെ കശ്മീരില്‍ സൈനികനീക്കം ശക്തമാക്കിയതിന് പിന്നാലെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്.

ഇന്നലെ വൈകീട്ട് മുതല്‍ അര്‍ധരാത്രി വരെ വിവിധ സുരക്ഷാസേന തലവന്‍മാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജന്‍സ് ബ്യൂറോ ചീഫ് അരവിന്ദ് കുമാര്‍ എന്നിവരുമായി പാര്‍ലമെന്റിലെ ഓഫീസില്‍ വെച്ച് അമിത് ഷാ കൂടിക്കാഴ്ച നടത്തി.

രാത്രി 12.30 വരെ കൂടിക്കാഴ്ച നീണ്ടുനിന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കശ്മീരിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി ജ്ഞാനേഷ് കുമാര്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more