| Friday, 8th May 2026, 1:44 pm

ഇതുപോലൊരു മത്സരത്തില്‍ പരാജയപ്പെട്ടത് ശരിക്കും വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് രജത് പാടിദാര്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. മഴ മൂലം തടസപ്പെട്ട മത്സരത്തില്‍ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ പ്രഖ്യാപിച്ചത്. സ്വന്തം തട്ടകമായ എകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒമ്പത് റണ്‍സിന്റെ വിജയമാണ് റിഷബ് പന്തും സംഘവും സ്വന്തമാക്കിയത്.

19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറി കരുത്തില്‍ 209 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ട്ത്തില്‍ 203 റണ്‍സാണ് ബെംഗളൂരുവിന് നേടാനായത്. ഈ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നെങ്കില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ചേക്കേറാന്‍ ബെംഗളൂരുവിന് സാധിക്കുമായിരുന്നു.

പരാജയത്തിന് പിന്നാലെ ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാര്‍ സംസാരിച്ചിരുന്നു. ഫിനിഷിങ് ലൈനിനോട് അടുത്തിട്ടും മത്സരത്തില്‍ പരാജയപ്പെട്ടത് ഏറെ വേദനിപ്പിച്ചെന്ന് താരം പറഞ്ഞു. ശക്തമായ ടീം ഉണ്ടായിരുന്നിട്ടും മധ്യ ഓവറുകളിലെ ഇടവേളകളില്‍ നിര്‍ണായക വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് പരാജയത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഫിനിഷിങ് ലൈനിനോട് വളരെ അടുത്തായിരുന്നു, ഇതുപോലൊരു മത്സരത്തില്‍ പരാജയപ്പെട്ടത് ശരിക്കും വേദനിപ്പിച്ചു. ഞങ്ങള്‍ക്ക് ശക്തമായ ടീം ഉണ്ടായിരുന്നു, പക്ഷേ മധ്യ ഓവറുകളിലെ ഇടവേളകളില്‍ നിര്‍ണായക വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഞങ്ങളുടെ പരാജയത്തിന് കാരണമായി. ടീമിനായി അവസാനം വരെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ഞാന്‍ നിരാശനാണ്,’ മത്സര ശേഷം ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാര്‍ പറഞ്ഞു.

ബെംഗളൂരുവിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ രജത് പാടിദാറാണ്. 31 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് താരം നേടിയത്. ഇംപാക്ടായി ഇറങ്ങിയ ടിം ഡേവിഡ് 17 പന്തില്‍ 40 റണ്‍സും നേടി. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ലഖ്‌നൗ നിരയില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയത് പ്രിന്‍സ് യാദവാണ്. വിരാട് കോഹ്‌ലി (0), ദേവ്ദത്ത് പടിക്കല്‍ (34), ജിതേഷ് ശര്‍മ (1) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. ഷഹബാസ് അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ ലഖ്‌നൗവിനായി മാര്‍ഷ് 56 പന്തില്‍ ഒമ്പത് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 111 റണ്‍സാണ് നേടിയത്. 198.21 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. നിക്കോളാസ് പൂരന്‍ 38 റണ്‍സും ക്യാപ്റ്റന്‍ റിഷബ് പന്ത് 32 റണ്‍സും നേടിയിരുന്നു.

ബെംഗളൂരുവിന് വേണ്ടി ക്രുണാല്‍ പാണ്ഡ്യയ്ക്കും ജോഷ് ഹേസല്‍വുഡ്ഡിനും റാസിക് സല്‍മാനുമാണ് വിക്കറ്റ് നേടാനായത്.

മെയ് 10ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കാണ് വേദി. അതേസമയം ബെംഗളൂരുവിന്റെ അടുത്ത മത്സരം മെയ് 10ന് മുംബൈയേടാണ്. റായ്പൂരിലാണ് മത്സരം നടക്കുക.

Content Highlight: Rajat Patidar Talking About Defeat Against Lucknow

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more