| Monday, 8th June 2026, 9:09 am

പട നയിച്ച് പാടിദാര്‍; ഇന്ത്യ തഴഞ്ഞാലും ചരിത്ര നായകന്റെ അഴിഞ്ഞാട്ടം തുടരും

Sudev A

2026 മധ്യപ്രദേശ് പ്രിമീയര്‍ ലീഗില്‍ മിന്നും പ്രകടനം പുറത്തെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന്‍ രജത് പാടിദാര്‍. ടൂര്‍ണമെന്റില്‍ ഗ്വാളിയോര്‍ ചീറ്റാസിന്റെ ക്യാപ്റ്റന്‍ കൂടിയായ പാടിദാര്‍ മാല്‍വ സ്റ്റാലിയണ്‍സിനെതിരെയാണ് തിളങ്ങിയത്.

മത്സരത്തില്‍ 30 പന്തില്‍ നിന്നും 65 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് പാടിദാറിന്റെ ഇന്നിങ്സ്. 216.67 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ പാടിദാര്‍ തന്നെയാണ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടി-20 ടീമില്‍ ഇടം നേടാന്‍ പാടിദാറിന് സാധിച്ചിരുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രണ്ടാം കിരീടത്തിലേക്ക് നയിക്കുകയും ബാറ്റിങ്ങില്‍ മികച്ച പ്രകടനവും നടത്തിയ പാടിദാറിനെ സെലക്ടര്‍മാര്‍ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു ടീമിനൊപ്പവും മികച്ച പോരാട്ടം നടത്തി താന്‍ ഇന്ത്യന്‍ ടീമിലെത്താന്‍ അര്‍ഹനാണെന് തെളിയിക്കുകയാണ് പാടിദാര്‍.

2026 ഐപിഎല്‍ സീസണിലുടനീളം ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് പാടിദാര്‍ കാഴ്ചവെച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 501 റണ്‍സാണ് പാടിദാര്‍ നേടിയത്. ഐ.പി.എല്‍ കരിയറില്‍ 57 മത്സരങ്ങളില്‍ നിന്ന് 1612 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

രജത് പാടിദാർ

ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ആര്‍.സി.ബി രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ രണ്ട് സീസണിലും തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന ഏക നായകനായും പാടിദാര്‍ മാറി. ഇതിഹാസ താരങ്ങളായ എം.എസ്. ധോണിക്കോ രോഹിത് ശര്‍മയ്ക്കോ ഗൗതം ഗംഭീറിനോ പോലും ഇല്ലാത്ത അപൂര്‍വ നേട്ടമാണ് ബെംഗളൂരു ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഈ നേട്ടങ്ങളെല്ലാം സെലക്ടര്‍മാര്‍ കാണാതെ പോവുകയായിരുന്നു.

അതേസമയം മത്സരത്തില്‍ ഗ്വാളിയോര്‍ 51 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗ്വാളിയോര്‍ പാടിദാറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മാല്‍വ സ്റ്റാലിയന്‍സ് 139 റണ്‍സിന് പുറത്തായി. ജൂണ്‍ 11ന് ചമ്പല്‍ ഘരിയല്‍സിനെതിരെയാണ് ഗ്വാളിയോറിന്റെ അടുത്ത മത്സരം.

Content Highlight: Rajat Patidar shines in 2026 Madhya Pradesh Premier League

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more