| Monday, 1st June 2026, 7:10 am

ഇതിഹാസങ്ങള്‍ക്കുപോലും സ്ഥാനമില്ല; ഐ.പി.എല്‍ ചരിത്രത്തില്‍ ഒരേയൊരു പാടിദാര്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കിരീടം നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ടീമിന്റെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്ലേ ബോള്‍ഡ് ആര്‍മി തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു.

ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം കിരീടം നിലനിര്‍ത്തുന്ന മൂന്നാം ടീമായി മാറിയിരിക്കുകയാണ് രജത് പാടിദാറിന്റെ ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്.

ഇതോടെ പാടിദാര്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ രണ്ട് സീസണിലും തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന ഏക താരമായിരിക്കുകയാണ് പാടിദാര്‍.

ഇതിഹാസ താരങ്ങളായ എം.എസ്. ധോണിക്കോ രോഹിത് ശര്‍മയ്‌ക്കോ ഗൗതം ഗംഭീറിനോ പോലും ഇല്ലാത്ത അപൂര്‍വ നേട്ടമാണ് പ്ലേ ബോള്‍ഡ് ആര്‍മിയുടെ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഇത്രയും കാലം ബെംഗളൂരുവിനെ നയിച്ച വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍മാര്‍ക്ക് സാധിക്കാത്തതാണ് പാടിദാര്‍ സ്വന്തം പേരില്‍ കുറച്ചതെന്നും എടുത്തുപറയണം.

മത്സരത്തില്‍ പാടിദാര്‍ 13 പന്തില്‍ 15 റണ്‍സിന് പുറത്തായെങ്കിലും സീസണിലുടനീളം ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 501 റണ്‍സാണ് പാടിദാര്‍ നേടിയത്. ഐ.പി.എല്‍ കരിയറില്‍ 57 മത്സരങ്ങളില്‍ നിന്ന് 1612 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം ബെംഗളൂരുവിന് വേണ്ടി 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ്  തുണയായത്. മൂന്ന് സിക്‌സും ഒമ്പത് ഫോറുമാണ് ചെയ്‌സ് മാസ്റ്റര്‍ അടിച്ചെടുത്തത്. ഇംപാക്ടായി ഇറങ്ങിയ വെങ്കിടേശ് അയ്യര്‍ 16 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്.

ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, കഗീസോ റബാദ, അര്‍ഷാദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം അഞ്ചാമനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്തിനെ പിടിച്ചുയര്‍ത്തിയത്. താരം 37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 18 പന്തില്‍ നിഷാന്ത് സിന്ധു ടീമിന്റെ രണ്ടാം ടോപ് സ്‌കോററുമായി.

ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി

Content Highlight: Rajat Patidar In Great Record Achievement In IPL 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more