| Monday, 6th April 2026, 3:59 pm

മൂന്നില്‍ മൂന്നും പാടിദാര്‍ തൂക്കി; 15 മത്സരം കളിച്ച വിരാടിന് പോലും പറയാനുള്ളത് നാല് വിജയം!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് രജത് പാടിദാറും സംഘവും വിജയം സ്വന്തമാക്കിയത്.

ഇതോടെ സീസണില്‍ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങുന്നത്. ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

ചെന്നൈക്കെതിരെ വിജയം സ്വന്തമാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാര്‍ സ്വന്തമാക്കിയത്. ചെന്നൈക്കെതിരെ ആര്‍.സി.ബി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പാടിദാര്‍.

നേട്ടത്തില്‍ ചെന്നൈക്കെതിരെ 15 മത്സരത്തില്‍ നിന്ന് നാല് വിജയം സ്വന്തമാക്കിയ വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ രജത് ചെന്നൈക്കെതിരെ ക്യാപ്റ്റനായി കളിച്ച മൂന്ന് മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഈ നേട്ടത്തില്‍ മുന്‍ താരം അനില്‍ കുംബ്ലെയ്‌ക്കൊപ്പമാണ് താരം.

ചെന്നൈക്കെതിരെ ബെംഗളൂരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരം, വിജയം (മത്സരം)

വിരാട് കോഹ്‌ലി – 4 (15)

രജത് പാടിദാര്‍ – 3* (3)

അനില്‍ കുംബ്ലെ – 3 (4)

ഫാഫ് ഡു പ്ലെസി – 2 (5)

മത്സരത്തില്‍ ആര്‍.സി.ബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഡേവിഡ് 25 പന്തില്‍ എട്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 29 പന്തില്‍ 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ രജത് പാടിദാര്‍ 19 പന്തില്‍ 48 റണ്‍സും ഫില്‍ സാള്‍ട്ട് 46 റണ്‍സും നേടി. സൂപ്പര്‍ താരം വിരാട് കോഹ്‌ലി 28 റണ്‍സും നേടി. അന്‍ഷുല്‍ കാംബോജ്, ശിവം ദുബെ, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് നാലാമനായി ഇറങ്ങിയ സര്‍ഫറാസ് ഖാനാണ്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍ 43 റണ്‍സും, 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 37 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണും ചെന്നൈ നിരയില്‍ തിളങ്ങി. 12 പന്തില്‍ ഓരോ സിക്സും ഫോറും ഉള്‍പ്പെടെ 19* റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജ് പൊരുതി.

ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ കൂടുതല്‍ വിക്കറ്റ് നേടിയത്. 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അതേസമയം മത്സരത്തില്‍ ഭുവനേശ്വറിന് പുറമെ ജോക്കബ് ഡഫി, അഭിനന്ദന്‍ സിങ്, ക്രുണാല്‍ പാണ്ഡ്യ, എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. സുയാഷ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Rajat Patidar In Great Record Achievement Against CSK

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more