| Tuesday, 7th October 2025, 9:05 pm

ശുഭ്മാന് പകരം പാടിദാര്‍; ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി രജത് പാടിദാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025-26 ആഭ്യന്തര സീസണില്‍ സൂപ്പര്‍ താരം രജത് പാടിദാറിന് ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍സി നല്‍കി മധ്യപ്രദേശ്. വരുന്ന രഞ്ജി സീസണില്‍ പാടിദറിന് കീഴിലാണ് മധ്യപ്രദേശ് കളത്തിലിറങ്ങുന്നത്.

സമീപകാലങ്ങളില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പുറത്തെടുത്ത മികച്ച പ്രകടനം കണക്കിലെടുത്താണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.

കഴിഞ്ഞ രഞ്ജി സീസണില്‍ ശുഭ്മന്‍ ശര്‍മയായിരുന്നു മധ്യപ്രദേശിന്റെ ക്യാപ്റ്റന്‍. മധ്യപ്രദേശിന്റെ ക്രിക്കറ്റ് ഡയറക്ടറും ഡൊമസ്റ്റിക് സര്‍ക്യൂട്ടിലെ ഇതിഹാസ പരിശീലകനുമായ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരമാണ് ശുഭ്മാനെ മറികടന്നുകൊണ്ടാണ് പാടിദാര്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

ഒക്ടോബര്‍ 15നാണ് 2025-26 രഞ്ജി സീസണ്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് മധ്യപ്രദേശ് രജത് പാടിദാറിനെ ആദ്യമായി ക്യാപ്റ്റന്റെ റോളില്‍ പരീക്ഷിക്കുന്നത്. പാടിദാറിന് കീഴില്‍ മധ്യപ്രദേശ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ശ്രേയസ് അയ്യരുടെ മുംബൈയോട് പരാജയപ്പെടുകയായിരുന്നു. ഫൈനലില്‍ 40 പന്തില്‍ പുറത്താകാതെ 81 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഐ.പി.എല്‍ 2025 ഫൈനലില്‍ ശ്രേയസ് അയ്യരും രജത് പാടിദാറും ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്റെ റോളില്‍ നേര്‍ക്കുനേര്‍ വന്നു. പാടിദാര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും ശ്രേയസ് പഞ്ചാബ് കിങ്‌സിനെയുമാണ് നയിച്ചിരുന്നത്.

ഫൈനല്‍ ക്ലാഷില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തന്നെയും ടീമിനെയും പരാജയപ്പെടുത്തി കപ്പുയര്‍ത്തിയ ശ്രേയസിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സിന് ആദ്യ കിരീടം സമ്മാനിക്കാനും പാടിദാറിന് സാധിച്ചിരുന്നു.

വിരാടിനും ജിതേഷിനുമൊപ്പം ഐ.പി.എല്‍ കിരീടവുമായി

2014-15 സീസണില്‍ സെന്‍ട്രല്‍ സോണ്‍ ആദ്യമായി ദുലീപ് ട്രോഫിയില്‍ മുത്തമിട്ടതും പാടിദാറിന് കീഴിലാണ്. സൗത്ത് സോണിനെതിരെ ആറ് വിക്കറ്റിന് സെന്‍ട്രല്‍ സോണ്‍ വിജയിച്ച മത്സരത്തില്‍ സെഞ്ച്വറിയടക്കം 114 റണ്‍സും താരം നേടിയിരുന്നു.

ദുലീപ് ട്രോഫിയുമായി

ഈയടുത്ത് നടന്ന ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാനുള്ള ചുമതലയും പാടിദാറിനായിരുന്നു. എന്നാല്‍ വിദര്‍ഭയോട് ടീം 93 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി.

പാടിദാറിന് പുറമെ ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിമന്യു ഈശ്വരന്‍ തുടങ്ങി മികച്ച താരനിരയുണ്ടായിരുന്നിട്ടും റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് അക്ഷയ് വഡേക്കറിന്റെ നേതൃത്വത്തിലിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല.

ഇറാനി കപ്പ് സ്വന്തമാക്കിയ വിദർഭ ടീമിന്‍റെ ആഹ്ലാദം

ഇതോടെ തുടര്‍ച്ചയായ മൂന്ന് കിരീടമെന്ന പാടിദാറിന്റെ മോഹവും അവസാനിച്ചു.

2024-25 രഞ്ജി സീസണില്‍, മധ്യപ്രദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു പാടിദാര്‍. 11 ഇന്നിങ്‌സില്‍ നിന്നും 48.09 ശരാശരിയില്‍ 529 റണ്‍സാണ് താരം അടിച്ചെടുത്തത്.

പഞ്ചാബിനെതിരെയാണ് പാടിദാറിന്റെ രഞ്ജി ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ആദ്യ മത്സരം. ഇന്‍ഡോറാണ് വേദി.

Content Highlight: Rajat Patidar appointed as Madhya Pradesh Ranji captain

We use cookies to give you the best possible experience. Learn more