| Tuesday, 7th April 2026, 9:05 am

അണ്‍പ്രഡിക്റ്റബിള്‍; രാജസ്ഥാനും മുംബൈയും തമ്മിലുള്ള മത്സരം തീപാറും, കണക്കുകള്‍ ഇങ്ങനെ...

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കാനിരിക്കുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം.

ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഹാട്രിക് ജയം തേടുന്ന രാജസ്ഥാന്‍ മുംബൈയ്‌ക്കെതിരെ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അതേസമയം ദല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയം വഴങ്ങിയാണ് മുംബൈ രാജസ്ഥാനെതിരെ കച്ചമുറുക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി സീസണ്‍ തുടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ദല്‍ഹിയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

അതുകൊണ്ടുതന്നെ രാജസ്ഥാനെ തോല്‍പ്പിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് മുംബൈയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന മുംബൈയുടെ നായകന്‍ ഹര്‍ദിക് പാണ്ഡ്യ രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കമെന്നാണ് ആരാധകര്‍ തിരയുന്നത്. സീസണില്‍ യുവ നിരയുമായി ഇറങ്ങിയ രാജസ്ഥാനും വമ്പന്‍ താരങ്ങളുള്ള മുംബൈയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ന് നടക്കുന്ന മത്സരം അണ്‍പ്രഡിക്റ്റബിളാണ്.

ഇരുവരും തമ്മില്‍ ഇതുവരെ 30 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 14 വിജയവും മുംബൈ 16 വിജയവുമാണ് നേടിയത്. വിജയശതമാനത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാലും രാജസ്ഥാന്‍ റോയല്‍സ് മിന്നും ഫോമിലുള്ളതും കണക്കിലെടുത്താല്‍ മുംബൈയോട് വമ്പന്‍ പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ പാണ്ഡ്യ തിരിച്ചെത്തുന്നതോടെ മുംബൈക്ക് ഇരട്ടി ഊര്‍ജവും ലഭിക്കും. എന്നിരുന്നാലും മത്സരത്തില്‍ ആര് വിജയിക്കുമെന്നത് കണ്ടറിയണം. ടി-20 മത്സരങ്ങളില്‍ എപ്പോഴും സംഭവിക്കുന്ന മാജിക് ഇന്നും സംഭവിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

Content Highlight: Rajasthan VS Mumbai IPL Match Is Unpredictable

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more