| Saturday, 15th November 2025, 12:16 pm

സഞ്ജുവിനെ മാത്രമല്ല, മറ്റൊരു ക്യാപ്റ്റന്‍സി മെറ്റീരിയലിനെയും രാജസ്ഥാന്‍ കൈവിട്ടു; തട്ടകം ഇനി ഫിറോസ് ഷാ കോട്‌ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് മുന്നോടിയായി ഓരോ ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്യേണ്ട താരങ്ങളുടെയും ലിസ്റ്റ് പുറത്തുവിടേണ്ട അവസാന ദിവസമാണിന്ന്. സഞ്ജു സാംസണിന്റെ ട്രേഡിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ലൈംലൈറ്റില്‍ നിന്നത്.

സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിട്ടുകൊടുത്ത രാജസ്ഥാന്‍ റോയല്‍സ്, രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിച്ചു.

സഞ്ജുവിനെ മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം നിതീഷ് റാണയെയും ട്രേഡ് ചെയ്തിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടിയാണ് നിതീഷ് റാണ പുതിയ സീസണില്‍ കളത്തിലിറങ്ങുക.

കഴിഞ്ഞ സീസണില്‍ മോശമല്ലാത്ത പ്രകടനമാണ് റാണ രാജസ്ഥാന് വേണ്ടി പുറത്തെടുത്തത്. 11 മത്സരത്തില്‍ നിന്നും 21.70 ശരാശരിയില്‍ 217 റണ്‍സ് താരം നേടി. രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഹോം മാച്ചില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചതും റാണയായിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 36 പന്ത് നേരിട്ട താരം 81 റണ്‍സ് നേടിയാണ് മടങ്ങിയത്. മത്സരത്തിലെ താരവും റാണ തന്നെയായിരുന്നു.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ദല്‍ഹിയിലായിരുന്നു റാണയുടെ രണ്ടാം അര്‍ധ സെഞ്ച്വറി. 28 പന്തില്‍ 51 റണ്‍സാണ് റാണ നേടിയത്. സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ പരാജയപ്പെട്ട മത്സരത്തിലായിരുന്നു റാണയുടെ ഈ അര്‍ധ സെഞ്ച്വറി പിറന്നത്.

സഞ്ജു സാംസണ്‍ പരിക്കേറ്റ് ബാറ്റിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്ന മത്സരമായിരുന്നു ദല്‍ഹിക്കെതിരെയെന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും പ്രോട്ടിയാസ് സൂപ്പര്‍ താരം ഡോണോവന്‍ ഫെരേരയെ ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ നിതീഷ് റാണയെ കൈമാറിയത്.

Content Highlight: Rajasthan Royals trade Nitish Rana to Delhi Capitals

We use cookies to give you the best possible experience. Learn more