ഐ.പി.എല്‍ 2026ന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള താത്പര്യമറിയിച്ച് സഞ്ജു സാംസണ്‍. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചതായി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍ റിലീസ് ചെയ്യുകയാണെങ്കില് താരം 2026 മിനി ലേലത്തിന്റെ ഭാഗമാകും.
ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സഞ്ജുവിനെ ലക്ഷ്യം വെക്കുന്ന പ്രധാന ടീം. നേരത്തെ തന്നെ ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇപ്പോള്‍ ട്രേഡ് വിന്‍ഡോയിലൂടെ മലയാളി വിക്കറ്റ് കീപ്പറെ സ്വന്തമാക്കുകയാണ് സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം.
എന്നാല്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൈമാറണമെങ്കില്‍ പകരം രണ്ട് താരങ്ങളെ രാജസ്ഥാന്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രേഡ് വിന്‍ഡോയിലൂടെ രാജസ്ഥാന്‍ നായകനാണ് ചെന്നൈയുടെ പദ്ധതി. എന്നാല്‍ സഞ്ജുവിന് പകരം രണ്ട് ചെന്നൈ താരങ്ങളെ ആവശ്യപ്പെടുന്നതോടെ സഞ്ജുവിന്റെ ട്രാന്‍സ്ഫറിന് തടസമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ താര ലേലത്തിന് പിന്നാലെ രാജസ്ഥാന്‍ ടീമില്‍ വരുത്തിയ മാറ്റങ്ങളില്‍ സഞ്ജു അസ്വസ്ഥനായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജുവിന്റെ അഭാവത്തില്‍ കൗമാര താരം വൈഭവ് സൂര്യവംശിയെ യശസ്വി ജയ്സ്വാളിനൊപ്പം ടീമിന്റെ ഓപ്പണറാക്കിയ പരീക്ഷണം വിജയിച്ചതോടെ ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ സഞ്ജുവിനു സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സാഹചര്യം ഇല്ലാതായി.
സൂപ്പര്‍ കിങ്‌സ് നിരന്തരമായി ശ്രമിക്കുമ്പോഴും സഞ്ജുവിനെ വിട്ടുകൊടുക്കില്ല എന്ന നിലപാടായിരുന്നു രാജസ്ഥാന്റേത്. എന്നാല്‍ സഞ്ജു സ്വയം ടീം വിടാനുള്ള തീരുമാനം അറിയിച്ചതോടെ ഫ്രാഞ്ചൈസിക്കു മുന്നില്‍ മറ്റു വഴികളില്ലാതായി.
സഞ്ജു ടീം വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ താരം ചെന്നൈയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുകയാണ്. എം.എസ്. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു യെല്ലോ ജേഴ്‌സിയിലെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. സഞ്ജുവും റോയല്‍സും തയ്യാറാണെങ്കില്‍ സഞ്ജുവിനെ ടീമിലെത്തിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും പ്രതികരിച്ചിരുന്നു.
കഴിഞ്ഞ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. താരലേലത്തിലെ മോശം തീരുമാനങ്ങള്‍ മുതല്‍ താരങ്ങളുടെ മോശം പ്രകടനം വരെ തൊട്ടതെല്ലാം പൊള്ളിയതോടെയാണ് രാജസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. ഒപ്പം സഞ്ജുവിന്റെ പരിക്കും ടീമിന് വിനയായി.
പരിശീലകന്റെ റോളിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കുമാര്‍ സംഗക്കാര പടുത്തുയര്‍ത്തിയ ഒരു ടീമിനെ ദ്രാവിഡ് ഒന്നുമല്ലാതാക്കി മാറ്റി എന്നായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചത്.
പരിക്കിന്റെ പിടിയിലകപ്പെട്ട സഞ്ജു പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയറായി മാത്രമാണ് സഞ്ജുവിന് കളത്തിലിറങ്ങാന്‍ സാധിച്ചത്. റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.
പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തി ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സഞ്ജുവിനെ വീണ്ടും പരിക്ക് വേട്ടയാടി. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ് പുറത്തായത്. ശേഷം അനായാസം ജയിക്കാന്‍ സാധിക്കുന്ന മത്സരങ്ങള്‍ താരങ്ങളുടെ സ്വാര്‍ത്ഥത കൊണ്ട് പരാജയപ്പെട്ട് രാജസ്ഥാന്‍ പുറത്താകുകയായിരുന്നു.
Content highlight: Rajasthan Royals to demand two players in exchange for Sanju Samson: Report