രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റത്തിനുള്ള സാധ്യതകള്‍ മങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സ്വാപ് ഡീലില്‍ സഞ്ജു സാംസണ് പകരം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, സിക്‌സ് ഹിറ്റിങ് മെഷീന്‍ ശിവം ദുബെ എന്നിവരിലൊരാളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മൂവരെയും കൈവിടാന്‍ സൂപ്പര്‍ കിങ്‌സ് ഒരുക്കമല്ലെന്നും ഇക്കാരണം കൊണ്ടുതന്നെ സൂപ്പര്‍ കിങ്‌സിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം നടക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ, ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യമറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
പിന്നാലെ താരത്തെ ടീമിലെത്തിക്കാന്‍ ഒന്നിലധികം ടീമുകള്‍ രാജസ്ഥാന്‍ റോയല്‍സിനെ സമീപിച്ചിരുന്നുവെന്നും ഈ ചര്‍ച്ചകള്‍ക്ക് എല്ലാം ആര്‍.ആര്‍ ഉടമ മനോജ് ബദലെയാണ് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മറ്റു ഫ്രാഞ്ചൈസികളുമായും ബദലെ പകരക്കാരുടെ പേരുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരു ഫ്രാഞ്ചൈസിയുമായി ഏറെക്കുറെ കരാറിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ട്രേഡ് ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ സഞ്ജു താര ലേലത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പില്ലെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ താരം അടുത്ത സീസണിലും രാജസ്ഥാനില്‍ തന്നെ തുടര്‍ന്നേക്കും.
രാജസ്ഥാനില്‍ കഴിഞ്ഞ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. താരലേലത്തിലെ മോശം തീരുമാനങ്ങള്‍ മുതല്‍ താരങ്ങളുടെ മോശം പ്രകടനം വരെ തൊട്ടതെല്ലാം പൊള്ളിയതോടെയാണ് രാജസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. ഒപ്പം സഞ്ജുവിന്റെ പരിക്കും ടീമിന് വിനയായി.
പരിശീലകന്റെ റോളിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കുമാര്‍ സംഗക്കാര പടുത്തുയര്‍ത്തിയ ഒരു ടീമിനെ ദ്രാവിഡ് ഒന്നുമല്ലാതാക്കി മാറ്റി എന്നായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചത്.
പരിക്കിന്റെ പിടിയിലകപ്പെട്ട സഞ്ജു പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയറായി മാത്രമാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാന്‍ പരാഗാണ് ഈ മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.
പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തി ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സഞ്ജു അധികം വൈകാതെ വീണ്ടും പരിക്കിന്റെ പിടിയിലായി. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ് പുറത്തായത്. ശേഷം അനായാസം ജയിക്കാന്‍ സാധിക്കുന്ന മത്സരങ്ങള്‍ താരങ്ങളുടെ സ്വാര്‍ത്ഥത കൊണ്ട് പരാജയപ്പെട്ട് രാജസ്ഥാന്‍ പുറത്താകുകയായിരുന്നു.
Content highlight: Rajasthan Royals to ask one of Ravindra Jadeja, Shivam Dube, Rituraj Gaikwad to release Sanju Samson