| Wednesday, 19th April 2023, 4:04 pm

ഹെലികോപ്റ്റര്‍ ഷോട്ട് അല്ലേ ഇപ്പോള്‍ കണ്ടത് 😲; സിക്‌സറടിച്ച് നിറച്ച് ലെജന്‍ഡ്; ആരാധകര്‍ കാത്തിരിക്കുന്നത് ഇവന്റെ വരവിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുകയാണ്. സീസണില്‍ ആദ്യമായി തങ്ങളുടെ സ്വന്തം കളിത്തട്ടകത്തിലേക്ക് രാജസ്ഥാന്‍ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഹല്ലാ ബോല്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വെച്ച് നടന്ന ഐ.പി.എല്‍ മിനി ലേലത്തിലെ സര്‍പ്രൈസ് പിക്കായ ജോ റൂട്ടിന്റെ നെറ്റ്‌സിലെ പ്രാക്ടീസ് സെഷനിലെ വീഡിയോ ആണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.

നെറ്റ്‌സില്‍ ഹെലികോപ്റ്റര്‍ ഷോട്ട് അടക്കമുള്ള ഷോട്ടുകള്‍ അടിച്ചുകൂട്ടുന്ന റൂട്ടിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാന്‍ റോയല്‍സ് ജോ റൂട്ടിനെ ടീമിലെത്തിച്ചതുമുതല്‍ താരത്തിന്റെ അരങ്ങേറ്റത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മിനി ലേലത്തിന് ശേഷം ഐ.പി.എല്ലിന്റെ കൗണ്ടര്‍പാര്‍ട്ടായ ഐ.എല്‍.ടി-20യിലും റൂട്ട് ഭാഗമായിരുന്നു.

ഐ.എല്‍. ടി-20യില്‍ ദുബായ് ക്യാപ്പിറ്റല്‍സിന്റെ ഭാഗമായ ഈ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പക്കാ ടി-20 ബാറ്ററെ പോലെയാണ് ആക്രമിച്ചുകളിച്ചത്. ഇതോടെ റൂട്ടിനെ പിങ്ക് ജേഴ്‌സിയില്‍ കാണാനുള്ള ആരാധകരുടെ ആഗ്രഹങ്ങള്‍ക്കും മൂര്‍ച്ചയേറി.

സീസണില്‍ രാജസ്ഥാന്റെ പല മത്സരത്തിലും സബ്സ്റ്റിറ്റിയൂട്ട് പ്ലെയറിന്റെ പട്ടികയില്‍ താരം ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഒരിക്കല്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇന്ന്, സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ റൂട്ട് കളത്തിലിറങ്ങുകയാണെങ്കില്‍ പുതിയ ചരിത്രമാകും സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഫാബ് ഫോര്‍ ഒരുമിക്കുന്ന ആദ്യ ലീഗ് എന്ന റെക്കോഡാണ് ഐ.പി.എല്ലിനെ കാത്തിരിക്കുന്നത്.

എസ്.എം.എസ്സില്‍ നടക്കുന്ന മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയാണ് രാജസ്ഥാന് നേരിടാനുള്ളത്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുന്നത്. തോല്‍വിയുറപ്പിച്ചിടത്ത് നിന്നും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ഷിംറോണ്‍ ഹെറ്റ്മെയറിന്റെയും അപരാജിത ചെറുത്ത് നില്‍പാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.

അതേസമയം, തങ്ങളുടെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടാണ് ലഖ്നൗ ജയ്പൂരിലേക്ക് വണ്ടി കയറുന്നത്. സ്വന്തം തട്ടകമായ എകാന സ്പോര്‍ട്സ് സിറ്റിയില്‍ വെച്ച് നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് രണ്ട് വിക്കറ്റിനാണ് എല്‍.എസ്.ജി പരാജയപ്പെട്ടത്.

Content Highlight: Rajasthan Royals share Joe Root’s video

We use cookies to give you the best possible experience. Learn more