| Thursday, 28th May 2026, 9:11 pm

സഞ്ജുസ്ഥാന് സാധിക്കാത്തത്; അപൂർവ ചരിത്രത്തിനരികെ പരാഗിന്റെ റോയൽസ്

Sudev A

2026 ഐ.പി.എല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. നാളെ നടക്കുന്ന സെക്കന്റ് ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍. ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് ഗില്ലും സംഘവും രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്.

ചരിത്രത്തിലെ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്നത്. 2008ല്‍ ആദ്യ ഐപിഎല്‍ സീസണില്‍ ഷെയ്ന്‍ വോണിന് കീഴില്‍ ആദ്യ കിരീടം ചൂടിയ രാജസ്ഥാന്‍ 2022ല്‍ മലയാളി താരം സഞ്ജു സാംസണിന്റെ കീഴിലാണ് രണ്ടാം ഫൈനലിനെത്തിയത്. എന്നാല്‍ ആ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് റോയല്‍സിന് കിരീടം നഷ്ടമാവുകയായിരുന്നു.

ഇപ്പോള്‍ പരാഗിന്റെ കീഴില്‍ രാജസ്ഥാന്റെ നീണ്ട വര്‍ഷക്കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ക്വാളിഫയര്‍ രണ്ടില്‍ ഗുജറാത്തിനെ വീഴ്ത്തി ഫൈനലിലെത്തിയാല്‍ എലിമിനേറ്റര്‍ കളിച്ച് ഫൈനല്‍ ടിക്കറ്റെടുക്കുന്ന നാലാമത്തെ ടീമായി മാറാനും രാജസ്ഥാന് സാധിക്കും.

രാജസ്ഥാൻ റോയൽസ്

ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് ടീമുകള്‍ മാത്രമാണ് എലിമിനേറ്ററില്‍ നിന്നും ഫൈനല്‍ യോഗ്യത ഉറപ്പാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളാണ് ഇത്തരത്തില്‍ ഫൈനലിലെത്തിയത്.

2012 സീസണിലാണ് ചെന്നൈ എലിമിനേറ്ററില്‍ നിന്നും ഫൈനല്‍ യോഗ്യത ഉറപ്പാക്കിയത്. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെയും ക്വാളിഫയര്‍ രണ്ടില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും പരാജയപ്പെടുത്തിയാണ് സി.എസ്.കെ ഫൈനലിലെത്തിയത്. എന്നാല്‍ ആ സീസണില്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ എം.എസ് ധോണിയുടെ സംഘം അടിയറവ് പറയുകയായിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ്

2016ല്‍ ഹൈദരാബാദാണ് എലിമിനേറ്റര്‍ കളിച്ച് ഫൈനലിലെത്തിയ രണ്ടാം ടീം. ആ സീസണില്‍ കിരീടം ചൂടിയ ടീമും ഹൈദരാബാദ് തന്നെയാണ്. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും വിജയിച്ച് ഫൈനലിലെത്തി കിരീടം നേടിയ ഏക ടീമും ഹൈദരാബാദ് തന്നെയാണ്.

എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെയും തകര്‍ത്താണ് ഓറഞ്ച് ആര്‍മി ഫൈനലിലെത്തിയത്. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകര്‍ത്തായിരുന്നു ഓറഞ്ച് ആര്‍മി ഡേവിഡ് വാര്‍ണറുടെ കീഴില്‍ കിരീടം ചൂടിയത്.

സൺറൈസേഴ്‌സ് ഹൈദരാബാദ്

2021ലാണ് കൊല്‍ക്കത്ത ഇത്തരത്തില്‍ ഫൈനലിലെത്തിയത്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും രണ്ടാം ക്വാളിഫയറില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെയും വീഴ്ത്തിയാണ് കെ.കെ.ആര്‍ ഫൈനലിലെത്തിയത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെടുകയായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

2011 മുതലാണ് ഐ.പി.എല്ലില്‍ നോക്ക് ഔട്ട് മത്സരങ്ങള്‍ ക്വാളിഫയര്‍, എലിമിനേറ്റര്‍ എന്ന രീതിയില്‍ നടത്താന്‍ തുടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ എലിമിനേറ്റര്‍ വിജയിച്ചെത്തിയ ഒരു ടീമും ഫൈനലിന് യോഗ്യത നേടിയിട്ടില്ല.

റിയാൻ പരാഗ്

2022ല്‍ ഒന്നാം ക്വാളിഫയര്‍ വിജയിച്ച് സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ഫൈനലിലെത്തിയിരുന്നു. 2024ല്‍ സഞ്ജുവിന്റെ കീഴില്‍ എലിമിനേറ്ററില്‍ ആര്‍.സി.ബിയെ പരാജയപ്പെടുത്തി രണ്ടാം ക്വാളിഫയറിലെത്തിയെങ്കിലും സണ്‍റൈസേഴ്സ് ഹൈദെരാബാദിനോട് റോയല്‍സ് വീഴുകയായിരുന്നു. ഇപ്പോള്‍ സഞ്ജുവടക്കമുള്ള രാജസ്ഥാന്റെ പല ക്യാപ്റ്റന്‍മാര്‍ക്കും സാധിക്കാത്ത ഈ അപൂര്‍വ നേട്ടം പരാഗിന്റെ കീഴില്‍ പിറവിയെടുക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Rajasthan Royals set to become the fourth team to reach the final by playing the IPL Eliminator

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more