ഐ.പി.എല്‍ 2026ന്റെ ആവേശത്തിന് കൊടിയേറുകയാണ്. ഇത്രനാള്‍ ഇന്ത്യയെന്ന ഒറ്റ വികാരത്തിന് പിന്നില്‍ അണി നിരന്നവര്‍ ഇനി ടീമുകളായി തിരിഞ്ഞ് പോര്‍വിളിക്കുന്ന കാഴ്ചയ്ക്കാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.
മാര്‍ച്ച് 28ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്.
ഇത് രണ്ടാം തവണയാണ് ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ചില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
ഈ സീസണിലെ ഓപ്പണിങ് മാച്ചിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ മൂന്ന് ടീമുകള്‍ ഇപ്പോഴും ആ ചര്‍ച്ചയ്ക്ക് പുറത്താണ്. ഉദ്ഘാടന സീസണിലെ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിങ്‌സും സൂപ്പര്‍ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് ആ ടീമുകള്‍. ഐ.പി.എല്‍ അതിന്റെ 19ാം സീസണിലെത്തിനില്‍ക്കുമ്പോള്‍ മൂന്ന് ടീമുകളും ഇതുവരെ ആദ്യ മത്സരം കളിച്ചിട്ടില്ല.
ഐ.പി.എല്‍ ആദ്യ സീസണിലെ ചാമ്പ്യന്‍മാരും 2022ലെ ഫൈനലിസ്റ്റുകളുമാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബാകട്ടെ രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടുമുണ്ട്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരോ രണ്ടാം സ്ഥാനക്കാരോ അടുത്ത സീസണിലെ ഓപ്പണിങ് മാച്ചിലുണ്ടാകുന്ന പതിവുണ്ടായിട്ടും രാജസ്ഥാനും പഞ്ചാബിനും ഇതുവരെ ഓപ്പണിങ് മാച്ച് കളിക്കാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2008 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
2009 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ്
2010 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ഡെക്കാന്‍ ചാര്‍ജേഴ്‌സ്
2011 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2012 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ്
2013 – ദല്‍ഹി ഡെയര്‍ഡെവിള്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2014 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs മുംബൈ ഇന്ത്യന്‍സ്
2015 – മുംബൈ ഇന്ത്യന്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2016 – മുംബൈ ഇന്ത്യന്‍സ് vs റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്
2017 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
2018 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ്
2019 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
2020 – മുംബൈ ഇന്ത്യന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ്
2021 – മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
2022 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2023 – ഗുജറാത്ത് ടൈറ്റന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ്
2024 – ചെന്നൈ സൂപ്പര്‍ കിങസ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
2025 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
2026 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs സണ്‍റൈസേഴ്‌സ് ഹൈദരാബദ്
18 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ചിന് ബെംഗളൂരു വേദിയാകുന്നത് എന്ന പ്രേത്യേകതയും ഇത്തവണത്തെയുണ്ട്. ഉദ്ഘാടന സീസണായ 2008ലാണ് ആദ്യമായി ബെംഗളൂരു ചിന്നിസ്വാമി സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് വേദിയായത്. ആ മത്സരത്തില്‍ ആര്‍.സി.ബി ഗംഭീര പരാജയമേറ്റുവാങ്ങുകയും ചെയ്തിരുന്നു.
ഇത്തവണ മറ്റൊരു ഓപ്പണിങ് മാച്ചിനിറങ്ങുമ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന പേരും പെരുമയുമായാകും വിരാട് കോഹ്‌ലിയും കൂട്ടരും കളത്തിലെത്തുക. ഏറെ കാത്തിരിപ്പിന് ശേഷം 18ാം സീസണില്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് തന്നെയാണ് ആര്‍.സി.ബി കളത്തിലിറങ്ങുക.
Content Highlight: Rajasthan Royals, Punjab Kings and Lucknow Super Giants never played opening match of IPL