| Sunday, 5th April 2026, 7:26 am

പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന് വെച്ചടികയറ്റം; ഇവര്‍ ഇനി ഐ.പി.എല്‍ ചരിത്രത്തിലെ രണ്ടാം സ്ഥാനക്കാര്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് റിയാന്‍ പരാഗും സംഘവും നേടിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റെടുത്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

അവസാന ഓവറില്‍ 10 റണ്‍സ് വിജയലക്ഷ്യം ഡിഫന്റ് ചെയ്ത് തുഷാര്‍ ദേശ്പാണ്ഡെയാണ് രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം വിജയം നേടിക്കൊടുത്തത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും രാജസ്ഥാന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 200+ റണ്‍സ് ഡിഫന്റ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള രണ്ടാമത്തെ ടീമാകാനാണ് രാജസ്ഥാന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ 200+ റണ്‍സ് ഡിഫന്റ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ടീം, വിജയ ശതമാനം (മത്സരം)

മുംബൈ ഇന്ത്യന്‍സ് – 95% (19)

രാജസ്ഥാന്‍ റോയല്‍സ് – 88% (17)

ദല്‍ഹി ക്യാപിറ്റല്‍സ് – 87% (15)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 86% (21)

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 79% (28)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 78% (28)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 75% (20)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 73% (11)

പഞ്ചാബ് കിങ്‌സ് – 65% (21)

ഗുജറാത്ത് ടൈറ്റന്‍സ് – 55% (11)

ഗുജറാത്തിനായി സായ് സുദര്‍ശന്‍ 44 പന്തില്‍ മൂന്ന് സിക്സറും ഒമ്പത് ഫോറുകളും അടക്കം 73 റണ്‍സ് നേടി. ജോസ് ബട്ട്‌ലര്‍ (26), കുമാര്‍ കുശാഗ്ര (18), രാഹുല്‍ തെവാട്ടിയ (12), ഷാരൂഖ് ഖാന്‍ (11) എന്നിവരും റണ്‍സ് നേടി. അവസാന ഘട്ടത്തില്‍ റാഷിദ് ഖാനും (24) കഗീസോ റബാദയും (23) പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

രാജസ്ഥനായി രവി ബിഷ്‌ണോയി നാല് വിക്കറ്റ് നേടി. നാന്ദ്രേ ബര്‍ഗര്‍, തുഷാര്‍ദേശ്പാണ്ഡെ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രാജസ്ഥാന് വേണ്ടി യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അര്‍ധ സെഞ്ച്വറി നേടി. ജെയ്‌സ്വാള്‍ 36 പന്തില്‍ മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കം 55 റണ്‍സാണ് നേടിയത്. ജുറല്‍ 42 പന്തില്‍ അഞ്ച് വീതം സിക്സറും ഫോറുകളും അടക്കം 75 റണ്‍സ് നേടി. വൈഭവ് സൂര്യവംശി 18 പന്തില്‍ 31 റണ്‍സ് നേടി.

ഗുജറാത്തിന് വേണ്ടി കാഗിസോ റബാദ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസീദ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

Content Highlight: Rajasthan Royals In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more