2026 ഐ.പി.എല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം.
ഇത്തവണ കിരീടം നേടാനായില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെയും വൈഭവ് സൂര്യവംശിയുടെയും പോരാട്ടങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കിരീടം സ്വന്തമാക്കാനായില്ലെങ്കിലും മറ്റൊരു വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാമതെത്തിയിരിക്കുകയാണ്.
രാജസ്ഥാൻ റോയൽസ്
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ടീമായാണ് റിയാന്‍ പരാഗും സംഘവും മാറിയത്. ഈ സീസണില്‍ 437 ബൗണ്ടറികളാണ് രാജസ്ഥാന്‍ താരങ്ങള്‍ അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ റെക്കോഡ് തകര്‍ത്താണ് രാജസ്ഥാന്‍ ഒന്നാമതായത്. 2025 സീസണില്‍ 428 ബൗണ്ടറികളായിരുന്നു പഞ്ചാബ് നേടിയിരുന്നത്.
രാജസ്ഥാന് റോയല്‍സ്-437-2026
പഞ്ചാബ് കിങ്‌സ്-428-2025
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-426-2026
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-425-2026
മുംബൈ ഇന്ത്യന്‍സ്-405-2023
മുംബൈ ഇന്ത്യന്‍സ്-401-2025
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-395-2024
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-394-2024
രാജസ്ഥാന്റെ ഈ നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചത് യുവതാരം വൈഭവ് സൂര്യവംശി തന്നെയാണ്. 135 ബൗണ്ടറികള്‍ നേടിയാണ് വൈഭവ് ഈ സീസണ്‍ അവസാനിപ്പിച്ചത്. 72 സിക്‌സുകളും 63 ഫോറുകളുമാണ് താരം നേടിയത്.
ഇതോടെ ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരമായും വൈഭവ് മാറി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2022 സീസണില്‍ രാജസ്ഥാന് വേണ്ടി 128 ബൗണ്ടറികളാണ് ബട്‌ലര്‍ നേടിയത്.
ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com
അതേസമയം രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ ഈ സീസണിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.
Content Highlight: Rajasthan Royals create a historical record in IPL 2026