2026 ഐ.പി.എല്ലില്‍ നിന്നും സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്ത്. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 47 റണ്‍സിന് പരാജയപ്പെട്ടതാണ് ഓറഞ്ച് ആര്‍മി മടങ്ങിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഹൈദരാബാദിന്റെ മുന്നില്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ് 19.2 ഓവറില്‍ 196 റണ്‍സില്‍ അവസാനിച്ചു.
രാജസ്ഥാന്‍ ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകളും രവീന്ദ്ര ജഡേജ, നന്ദ്രേ ബര്‍ഗര്‍, സുശാന്ത് മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഹൈദരാബാദ് ബാറ്റിങ് തകരുകയായിരുന്നു. യാഷ് പുഞ്ച ഒരു വിക്കറ്റും കൈപ്പിടിയിലാക്കി.
ഹൈദരാബാദിനായി നിതീഷ് കുമാര്‍ റെഡ്ഢി 38 റണ്‍സും സാലില്‍ അരോറ 35 റണ്‍സും ഇഷാന്‍ കിഷന്‍ 33 റണ്‍സും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. മത്സരത്തില്‍ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് നേടിയത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
വൈഭവിന് പുറമെ ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.
ഹൈദരബാദ് ബൗളിങ്ങില്‍ പ്രഫുല്‍ ഹിന്‍ജെ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഢി, ഇഷാന്‍ മലിംഗ, ശിവാങ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ക്വാളിഫയര്‍ പോരാട്ടം മെയ് 29നാണ് നടക്കുന്നത്. രാജസ്ഥാനും ഗുജറാത്ത് ടൈറ്റന്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. 2022 ഐ.പി.എൽ ഫൈനലിൽ സഞ്ജു സാംസണിന്റെ കീഴിൽ ഗുജറാത്തിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമായിരുന്നു. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം ഇരു ടീമുകളും വീണ്ടും പ്ലേ ഓഫിൽ കണ്ടുമുട്ടുമ്പോൾ ഈ തോൽവിക്ക് കണക്ക് ചോദിക്കാൻ പരാഗിനും സംഘത്തിനും സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
ഈ മത്സരം വിജയിക്കുന്ന ടീം മെയ് 31ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
Content Highlight: Rajasthan Royals beat Sunrisers Hyderabad in IPL eliminator