2026 ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് മുന്നേറി രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 30 റണ്‍സിന് വീഴ്ത്തിയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
രാജസ്ഥാന്‍ വിജയിച്ചതോടെ 15 പോയിന്റുള്ള പഞ്ചാബ് കിങ്സ് പുറത്താവുകയും ചെയ്തു. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പുറത്തായി. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിജയിച്ചാല്‍ പോലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കില്ല.
മുംബൈക്കായി സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 42 പന്തില്‍ നിന്നും 60 റണ്‍സ് നേടിയാണ് സ്‌കൈ തിളങ്ങിയത്. മൂന്ന് ഫോറുകളും നാല് സിക്‌സുകളും ആണ് സൂര്യകുമാര്‍ നേടിയത്. ഹര്‍ദിക് പാണ്ഡ്യ 34 റണ്‍സും വില്‍ ജാക്‌സ് 33 റണ്‍സും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
രാജസ്ഥാന്‍ ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍ മൂന്ന് വിക്കറ്റും നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പുഞ്ച എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ധ്രുവ് ജുറലാണ്. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറും ടീമിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
മുംബൈ ബൗളിങ്ങില്‍ ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വില്‍ ജാക്സ്, അല്ലാഹ് ഗസന്‍ഫര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഏപ്രില്‍ 26നാണ് ഒന്നാം ക്വാളിഫയര്‍ നടക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്. ഏപ്രില്‍ 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും.
Content Highlight: Rajasthan Royals beat Mumbai Indians in IPL 2026