| Tuesday, 19th May 2026, 11:29 pm

വൈഭവ് കൊടുങ്കാറ്റിൽ ലഖ്‌നൗ വീണു; ടോപ് ഫോറിലേക്ക് പറന്ന് രാജസ്ഥാൻ

സുദേവ് എ

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏഴാം ജയം. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് റോയല്‍സ് വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു ഈ വിജയത്തോടെ 14 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കുതിക്കാനും റോയല്‍സിന് സാധിച്ചു.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സ് കരുത്തിലാണ് രാജസ്ഥാന്‍ വിജയിച്ചു കയറിയത്. 38 പന്തില്‍ 93 റണ്‍സാണ് വൈഭവ് നേടിയത്. ഏഴ് ഫോറുകളും 10 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

അര്‍ധ സെഞ്ച്വറി നേടി ധ്രുവ് ജുറലും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. 38 പന്തില്‍ പുറത്താവാതെ 53 റണ്‍സാണ് ജുറല്‍ സ്വന്തമാക്കിയത്. മൂന്ന് വീതം സിക്‌സുകളും ഫോറുകളുമാണ് താരം നേടിയത്. യശ്വസി ജെയ്സ്വാള്‍ 23 പന്തില്‍ 43 റണ്‍സും സ്വന്തമാക്കി തിളങ്ങി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മിച്ചല്‍ മാര്‍ഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 57 പന്തില്‍ 96 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് നാല് റണ്‍സകലെ ഓസീസ് താരം റണ്‍ ഔട്ടാവുകയിരുന്നു. ഇംഗ്ലിസ് 29 പന്തില്‍ 60 റണ്‍സും സ്വന്തമാക്കി. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനവും ലഖ്‌നൗവിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 23 പന്തില്‍ 35 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. രണ്ട് വീതം ഫോറുകളും സിക്സുകളുമാണ് പന്ത് നേടിയത്.

മെയ് 24ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. മറുഭാഗത്ത് എല്‍.എസ്.ജി പഞ്ചാബ് കിങ്‌സിനെയും നേരിടും. മെയ് 23നാണ് മത്സരം.

Content Highlight: Rajasthan Royals beat Lucknow super gaints in ipl 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more