| Monday, 30th March 2026, 10:48 pm

15കാരന്റെ വെടിക്കെട്ടില്‍ ചെന്നൈ ചാരം; ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയവുമായി രാജസ്ഥാന്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് റിയാന്‍ പരാഗും കൂട്ടരും വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഇതോടെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 12.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

രാജസ്ഥാന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത് 15 വയസുകാരനും വെടിക്കെട്ട് ഓപ്പണറുമായി വൈഭവ് സൂര്യവംശിയാണ്. 15 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം അടിച്ചെടുത്തത്. 305.88 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം മിന്നും പ്രകടനം നടത്തിയത്. താരത്തിന് പുറമെയ യശ്വസ്വി ജെയ്‌സ്വാള്‍ 36 പന്തില്‍ 38* റണ്‍സ് നേടി മികവ് പുലര്‍ത്തി. ധ്രുവ് ജുറെല്‍ 18 റണ്‍സിന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14* റണ്‍സും നേടി.

ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ ബാറ്റിങ്ങിലെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് ചെന്നൈയെ കരകയറ്റിയത് എട്ടാമനായി ഇറങ്ങിയ ബൗളര്‍ ജെയ്മി ഓവര്‍ട്ടണാണ്. 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ച്ച നേരിട്ടപ്പോള്‍ ചെന്നൈയെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു ഓവര്‍ട്ടണ്‍.

തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ ചെന്നൈക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാണ് രാജസ്ഥാന്‍ തുടങ്ങിയത്. രണ്ടാം ഓവറിനെത്തിയ നാന്ദ്രേ ബര്‍ഗറിന്റെ അവസാന പന്തില്‍ സ്‌ട്രൈക്ക് ചെയ്ത സഞ്ജുവിന്റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. ഏഴ് പന്തില്‍ ആറ് റണ്‍സ് നേടി ക്ലീന്‍ ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്.

മത്സരത്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ക്രീസില്‍ നില്‍ക്കുമെന്ന് കരുതിയെങ്കിലും 11 പന്തില്‍ നിന്ന് ആറ് റണ്‍സ് നേടി നില്‍ക്കവെ ജോഫ്രാ ആര്‍ച്ചര്‍ താരത്തിന്റെ കുറ്റി തെറിപ്പിച്ചു. വൈകാതെ ഒരു റണ്‍സ് പോലും നേടാതെ അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയെ ബര്‍ഗര്‍ പൂജ്യം റണ്‍സിന് കൂടാരം കയറ്റി.

സമ്മര്‍ദ ഘട്ടത്തില്‍ ഇറങ്ങിയ വിദേശ താരം മാറ്റ് ഷോര്‍ട്ടിന് രാജസ്ഥാന്റെ സന്ദീപ് ശര്‍മയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. രണ്ട് റണ്‍സിനാണ് താരത്തിന്റെ മടക്കം. സര്‍ഫറാസ് ഖാനെ 17 റണ്‍സിനും ശിവം ദുബെയെ ആറ് റണ്‍സിനും പറഞ്ഞയച്ച് രവീന്ദ്ര ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ തീപ്പൊരി പാറിച്ചു. കാര്‍ത്തിക് ശര്‍മ 15 പന്തില്‍ 18 റണ്‍സ് നേടിയിരുന്നു. മറ്റാര്‍ക്കും ചെന്നൈ നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല.

അതേസമയം രാജസ്ഥാനായി ജഡേജയ്ക്ക് പുറമെ ജോഫ്രാ ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും തങ്ങളുടെ പേരിലാക്കി.

Content Highlight: Rajasthan Royals Beat Chennai Super Kings In Their First Match Of 2026 IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more