| Friday, 13th February 2026, 9:12 pm

സഞ്ജുവിന്റെ പിന്‍ഗാമിക്ക് 75 ശതമാനം പരാജയം! വോണിന്റെ ലെഗസി പിന്തുടരാന്‍ അസമിന്റെ പ്രിയപുത്രനാകുമോ?

ആദർശ് എം.കെ.

സഞ്ജു സാംസണ്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നിന്നും പടിയിറങ്ങിയതോടെ അടുത്ത സീസണിനുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. സൂപ്പര്‍ താരം റിയാന്‍ പരാഗിന് കീഴിലാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ 2026ല്‍ കളത്തിലിറങ്ങുന്നത്.

രാജസ്ഥാന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്ന ഏഴാമത് താരമാണ് റിയാന്‍ പരാഗ്. ഷെയ്ന്‍ വോണ്‍, രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സണ്‍, സ്റ്റീവ് സ്മിത്, അജിന്‍ക്യ രഹാനെ, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിന് മുമ്പ് പിങ്ക് ആര്‍മിയെ നയിച്ചത്.

കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണിന് പരിക്കേറ്റതോടെ പരാഗ് ഇടക്കാല ക്യാപ്റ്റനായി ചുമതലയേറ്റിരുന്നു. ടി-20 ഫോര്‍മാറ്റില്‍ അസമിന്റെ ക്യാപ്റ്റനായി ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ഐ.പി.എല്ലില്‍ താരത്തിന്റെ ക്യാപ്റ്റന്‍സി മോശമായിരുന്നു.

സഞ്ജുവിന്റെ അഭാവത്തില്‍ രാജസ്ഥാന്റെ ക്യാപ്റ്റനായ റിയാന്‍ പരാഗ് എട്ട് മത്സരത്തില്‍ ടീമിനെ നയിച്ചു. രണ്ടെണ്ണത്തില്‍ മാത്രം വിജയിച്ചപ്പോള്‍ ആറിലും പരാജയം രുചിച്ചു. വിജയശതമാനം 25 മാത്രം. ചുരുങ്ങിയത് അഞ്ച് മത്സരത്തില്‍ രാജസ്ഥാനെ നയിച്ച ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മോശം വിജയശതമാനുള്ളത് പരാഗിനാണ്.

പുതിയ സീസണില്‍ രാജസ്ഥാനെ മികച്ച രീതിയില്‍ താരത്തിന് മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, പരാഗിനെ ക്യാപ്റ്റനാക്കിയതില്‍ ആരാധകര്‍ അതൃപ്തി അറിയിക്കുന്നുണ്ട്. യശസ്വി ജെയ്‌സ്വാളിനെയും രവീന്ദ്ര ജഡേജയെയും അടക്കം മറികടന്നുകൊണ്ട് പരാഗിനെ ക്യാപ്റ്റനാക്കിയതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

അതേസമയം, സഞ്ജുവിന്റെ അഭാവത്തില്‍ കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച സ്‌ക്വാഡുമായാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ സീസണിറങ്ങുന്നത്. രവീന്ദ്ര ജഡേജയെയും സാം കറനെയും ലേലത്തിന് മുമ്പ് ടീമിലെത്തിച്ച രാജസ്ഥാന്‍, ലേലത്തില്‍ രവി ബിഷ്‌ണോയ് അടക്കമുള്ള താരങ്ങളെയും സ്വന്തമാക്കിയിരുന്നു.

പരിശീലക സ്ഥാനത്തേക്ക് കുമാര്‍ സംഗക്കാര മടങ്ങിയെത്തിയതാണ് രാജസ്ഥാനെ കൂടുതല്‍ ശക്തരാക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2026

ശുഭം ദുബെ, വൈഭവ് സൂര്യവംശി, ഡൊണോവന്‍ ഫെരേര (വിക്കറ്റ് കീപ്പര്‍), ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്, രവി സിങ്, അമന്‍ റാവു പെരേല, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജെയ്‌സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), യുദ്ധ്‌വീര്‍ സിങ്, രവീന്ദ്ര ജജഡേജ, സാം കറന്‍, ജോഫ്രാ ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡേ, ക്വേന മഫാക്ക, രവി ബിഷ്‌ണോയ്, സുശാന്ത് മിശ്ര, യാശ് രാജ് പഞ്ച, വിഗ്നേഷ് പുത്തൂര്‍, ബ്രിജേഷ് ശര്‍മ, ആദം മില്‍നെ, കുല്‍ദീപ് സെന്‍.

Content Highlight: Rajasthan Royals appointed Riyan Parag as their captain

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more