ഐ.പി.എല്‍ 2026നോട് അനുമ്പന്ധിച്ച് നടന്ന മിനി താരലേലത്തില്‍ യുവ മലയാളി താരം വിഘ്‌നേശ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് സ്പിന്‍ ബൗളറെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയെങ്കിലും മറ്റൊരു മലയാളി താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് രാജസ്ഥാന്‍. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് വിഘ്‌നേശ് പുത്തൂര്‍ കളത്തിലിറങ്ങിയത്. താരം തന്റെ അരങ്ങേറ്റ സീസണില്‍ അഞ്ച് മത്സരങ്ങളാണ് മുംബൈക്ക് വേണ്ടി കളിച്ചത്.
ടൂര്‍ണമെന്റില്‍ ആകെ 72 പന്തുകള്‍ എറിഞ്ഞ താരം 109 റണ്‍സ് വിട്ടു നല്‍കി ആറ് വിക്കറ്റുകള്‍ നേടിയട്ടുണ്ട്. 18.17 എന്ന ആവറേജും 9.08 എന്ന എക്കോണമിയുമാണ് താരത്തിനുള്ളത്. 3/32 എന്ന മികച്ച ബൗളിങ് പ്രകടനവും ലെഗ് സ്പിന്നര്‍ക്കുണ്ട്. അരങ്ങേറ്റ മത്സരത്തിലാണ് താരം മൂന്ന് വിക്കറ്റുകള്‍ നേടിയതെന്നത് എടുത്ത് പറയേണ്ടതാണ്.
വിഘ്‌നേശ് പുത്തൂര്‍- IPL
യുവ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും മുതിരുന്ന രാജസ്ഥാന്‍ വിഗ് നേശിനും അവസരം നല്‍കുമെന്നത് ഉറപ്പാണ്. മുമ്പ് സഞ്ജു സാംസണെയും രാജസ്ഥാനാണ് ടീമിലെത്തിച്ച് അവസരങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നത്. 11 സീസണുകളിലായി സഞ്ജു സാംസണ്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനായും ബാറ്ററായും സഞ്ജു രാജസ്ഥാന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്.
എന്നാല്‍ സഞ്ജുവിന് ശേഷം വിഘ്‌നേശിലൂടെ മലയാളി പാരമ്പര്യം നില നിര്‍ത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടി-20സില്‍ ആകെ ഒമ്പത് മത്സരങ്ങള്‍ മാത്രം കളിച്ച വിഘ്‌നേശ് 12 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ സജീവമല്ലാത്ത താരത്തെ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ നെറ്റ് ബൗളറായി ടീമിലെത്തിക്കുകയായിരുന്നു. രാജസ്ഥാനിലെത്തുന്നതിലൂടെ വിഘ്‌നേശ് ഇനിയും മുന്നേറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.