| Sunday, 17th May 2026, 4:34 pm

രാജസ്ഥാന്റെ ചരിത്രത്തിലെ 10ാമനാകാന്‍ ധ്രുവ് ജുറെല്‍; മിന്നും നേട്ടത്തിലെത്താന്‍ വേണ്ടത് വെറും ആറ് റണ്‍സ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് കളത്തിലിറങ്ങുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന് ഈ മത്സരം അതിനിര്‍ണായകമാണ്.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍.

മത്സരത്തിനിറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കാത്തിരിക്കുന്നത് ഒരു മിന്നും നേട്ടമാണ്. ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് താരത്തിനുള്ളത്. ഇതിനായി വെറും ആറ് റണ്‍സ് മാത്രമാണ് താരത്തിന് വേണ്ടത്. രാജസ്ഥാന് വേണ്ടി മാത്ര കളിച്ച ധ്രുവ് ജുറെലിന് ഐ.പി.എല്ലിലും 1000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം ഉണ്ട്.

ഐ.പി.എല്ലില്‍ നിലവില്‍ 53 മത്സരങ്ങള്‍ കളിച്ച ധ്രുവ് 994 റണ്‍സാണ് നേടിയത്. 81 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 29.24 എന്ന ആവറേജും 154.35 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ഇതുവരെ ഏഴ് അര്‍ധ സെഞ്ച്വറികളാണ് ധ്രുവിന്റെ അക്കൗണ്ടിലുള്ളത്. നിര്‍ണായക മത്സരത്തില്‍ 1000 റണ്‍സ് എന്ന മൈല്‍സ്റ്റോണ്‍ താരം പിന്നിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഈ നാഴികക്കല്ല് പിന്നിടുന്ന 11ാം താരമാകാനും ധ്രുവിന് സാധിക്കും. സഞ്ജു സാംസണ്‍, അജിന്‍ക്യ രഹാനെ, ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, ഷെയ്ന്‍ വാട്‌സണ്‍, റിയാന്‍ പരാഗ്, രാഹുല്‍ ദ്രാവിഡ്, സ്റ്റീവ് സ്മിത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യൂസഫ് പത്താന്‍ എന്നിവരാണ് രാജസ്ഥാന് വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.

അതേസമയം മത്സരത്തില്‍ ഇന്ന് ദല്‍ഹിയും വിജയപ്രതീക്ഷയിലാണ്. പ്ലേഓഫിലേക്കുള്ള വിദൂര സാധ്യതകള്‍ നിലനിര്‍ത്താന്‍നാണ് ദല്‍ഹിയുടെയും ശ്രമം. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ഏഴ് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് ദല്‍ഹി.

Content highlight: Rajasthan Player Dhruv Jurel Need 6 Runs To Complete 1000 Runs In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more