| Thursday, 20th February 2025, 9:07 am

രാജസ്ഥാനില്‍ മൂന്നാംഭാഷയായി ഉറുദുവിന് പകരം സംസ്‌കൃതം; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അധ്യാപകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉറുദുവിന് പകരം സംസ്‌കൃതം മൂന്നാം ഭാഷയാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ പ്രതിഷേധിച്ച് അധ്യാപകര്‍. വിദ്യാര്‍ത്ഥികളുടെ എണ്ണക്കുറവാണ് ഉറുദു ഒരു വിഷയമായി നല്‍കുന്ന ക്ലാസുകള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

എന്നാല്‍ ജയ്പൂരിലെയും ബിക്കാനീറിലെയും രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരത്തെ ഉറുദു മാറ്റി സംസ്‌കൃതം കൊണ്ടുവരാന്‍ നടപടിയെടുത്തിരുന്നു. പിന്നാലെ നിരവധി അധ്യാപകര്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് ജോലി നേടിയിട്ടുണ്ടെന്ന രാജസ്ഥാനിലെ മന്ത്രിയുടെ പരാമര്‍ശവും പ്രതിഷേധം ശക്തമാക്കിതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനെതിരെയാണ് രാജസ്ഥാന്‍ ഉറുദു അധ്യാപക സംഘടന രംഗത്തെത്തിയത്. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് അധ്യാപകര്‍ പറഞ്ഞു. പുതിയ തസ്തികകളിലേക്ക് സംസ്‌കൃത അധ്യാപകരെ കൊണ്ടുവരുമെന്ന തീരുമാനത്തില്‍ ഉറുദു അധ്യാപകര്‍ പ്രതിഷേധിച്ചതോടെ ഇവരുടേതെല്ലാം വ്യാജ അധ്യാപന സര്‍ട്ടിഫിക്കറ്റാണെന്ന് മന്ത്രി ആരോപിക്കുകയായിരുന്നു.

റദ്ദാക്കിയ ഉറുദു അധ്യാപകരുടെ തസ്തികകളിലേക്ക് സംസ്‌കൃത അധ്യാപകരുടെ പുതിയ തസ്തികകള്‍ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞിരുന്നു.

വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉറുദു തെരഞ്ഞെടുക്കുന്നതെന്നും ബാക്കിയുള്ളവര്‍ സംസ്‌കൃതത്തിനെയാണ് തെരഞ്ഞെടുക്കുന്നതെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് പറയുന്നു. അതേസമയം സംസ്‌കൃതത്തിന്റെ ആവശ്യം വര്‍ധിക്കുന്നതിനാല്‍ ഉറുദു അധ്യാപകരുടെ തസ്തികകള്‍ വെട്ടിക്കുറച്ച് സംസ്‌കൃതാധ്യാപകരുടെ തസ്തികകള്‍ വര്‍ധിപ്പിക്കാനുമാണ് വകുപ്പിന്റെ നീക്കമെന്നും അധ്യാപകര്‍ പറയുന്നു.

ഹിന്ദുക്കളുടെ പിന്തുണ നേടുന്നതിനായി മന്ത്രി, ഭാഷാ ന്യൂനപക്ഷത്തെ മനപൂര്‍വം ലക്ഷ്യംവെച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഭിന്നത സൃഷ്ടിക്കുകയെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണിതെന്നും അധ്യാപകര്‍ പറയുന്നു.

അതേസമയം ജയ്പൂര്‍ സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ള 323 വിദ്യാര്‍ത്ഥികളില്‍ 127 പേര്‍ മൂന്നാം ഭാഷയായി ഉറുദു പഠിക്കുന്നുണ്ടെന്നും ഉറുദു ക്ലാസുകള്‍ അടച്ചുപൂട്ടുന്നത് ഈ വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Rajasthan moves to replace Urdu with Sanskrit; Teachers are protesting against the government

We use cookies to give you the best possible experience. Learn more