| Sunday, 30th November 2025, 1:32 pm

ബാബ്‌റി മസ്ജിദ് പൊളിച്ച ദിവസം സ്‌കൂളുകളില്‍ 'ശൗര്യ ദിവസ്' ആയി ആഘോഷിക്കണമെന്ന് രാജസ്ഥാന്‍ മന്ത്രി; വിവാദമായതോടെ പിന്മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബാബ്‌റി മസ്ജിദ് സംഘപരിവാര്‍ പൊളിച്ച ദിനമായ ഡിസംബര്‍ ആറ് സ്‌കൂളുകളില്‍ ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ഉത്തരവിട്ട് രാജസ്ഥാന്‍ മന്ത്രി വിവാദത്തില്‍.

രാജസ്ഥാന്‍ വിദ്യാഭ്യാസ, പഞ്ചായത്തീരാജ് മന്ത്രിയായ മദന്‍ ദിലാവറാണ് സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ വിവാദം ഉയര്‍ന്നതോടെ മന്ത്രി നിര്‍ദേശം പിന്‍വലിച്ചു. സ്‌കൂളുകളില്‍ പരീക്ഷകള്‍ നടക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

നേരത്തെ, മന്ത്രിയുടെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ വിതരണം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ദേശസ്‌നേഹം, ദേശീയത, ധൈര്യം, സാംസ്‌കാരിക അഭിമാനം, ദേശീയ ഐക്യം തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികള്‍ ഡിസംബര്‍ ആറിന് സംഘടിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

രാമക്ഷേത്രത്തെ കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും പ്രസംഗ, ഉപന്യാസ മത്സരങ്ങള്‍, ചിത്ര രചന, പോസ്റ്റര്‍ നിര്‍മാണം, നാടകം, ദേശഭക്തി ഗാനങ്ങള്‍, നാടോടി നൃത്തങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു സ്‌കൂളുകളോട് നിര്‍ദേശിച്ചിരുന്നത്.

സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം എന്ന പേരില്‍ ഗ്രൂപ്പ് സെഷനുകള്‍, യോഗ ക്ലാസ്, ശ്രീരാമന് സ്തുതി ഗീതങ്ങളും ആരതിയും സമര്‍പ്പിച്ച് ആരംഭിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ സമ്മേളനം എന്നിവ നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂള്‍ പരിസരത്ത് ശൗര്യ യാത്ര എന്ന പേരില്‍ വിദ്യാര്‍ത്ഥികളോട് മാര്‍ച്ച് നടത്താനും പറഞ്ഞിരുന്നു.

പിന്നീട് ഞായറാഴ്ച രാവിലെയോടെ നിര്‍ദേശങ്ങള്‍ മന്ത്രി പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിലവില്‍ പരീക്ഷ നടക്കുകയാണെന്നും ഡിസംബര്‍ ആറിനും പരീക്ഷകളുണ്ടെന്നും ഈ സമയത്ത് മറ്റ് പ്രവര്‍ത്തനങ്ങളോ പരിപാടികളോ നടത്താന്‍ കഴിയില്ലെന്നും ശൗര്യ ദിവസ് ആഘോഷങ്ങള്‍ മാറ്റിവെയ്ക്കുകയാണ് എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശൗര്യ ദിവസ് ആഘോഷത്തിനൊരുങ്ങിയതിനെ ന്യായീകരിച്ച മന്ത്രി ശ്രീരാമന്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമാണെന്നും രാം മന്ദിര്‍ സാംസ്‌കാരിക അഭിമാനത്തെ പ്രതിഫലിപ്പിക്കുമെന്നും പറഞ്ഞു. കുട്ടികള്‍ രാമജന്മഭൂമി പ്രസ്ഥാനത്തെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മുമ്പും ദിലാവര്‍ ഇത്തരം പ്രവൃത്തികള്‍ കൊണ്ട് നിരവധി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. മദ്രസകളില്‍ ഉള്‍പ്പെടെ വന്ദേമാതരം നിര്‍ബന്ധമാക്കിയും മുഗള്‍ ഭരണാധികാരികളെ സ്വേച്ഛാധിപതികളെന്ന് വിളിച്ചും ദിലാവര്‍ വിവാദത്തിലായിരുന്നു.

Content Highlight: Rajasthan minister wants Babri Masjid demolition day to be celebrated as ‘Shaurya Diwas’ in schools; backtracks after controversy

We use cookies to give you the best possible experience. Learn more