| Wednesday, 9th July 2025, 4:36 pm

'ഉദയ്പൂര്‍ ഫയല്‍സ്': എതിര്‍ക്കുന്നവരെ ചിത്രം കാണിക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ കൊലപാതക കേസിനെ ആസ്പദമാക്കി നിര്‍മിച്ച ‘ഉദയ്പൂര്‍ ഫയല്‍സ്’ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ചിത്രം കാണിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സിനിമയില്‍ നിന്ന് ആക്ഷേപകരമായ ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.

സിനിമയ്ക്ക് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും രാജ്യത്തിലെ സാമൂഹിക ക്രമം ഇല്ലാതാക്കാനും കഴിയുമെന്ന് അവകാശപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് അനീഷ് ദയാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷകരെ സിനിമ കാണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സിനിമയില്‍ നിന്ന് ബാന്‍ ചെയ്യണമെന്ന് പറഞ്ഞ രംഗങ്ങള്‍ നീക്കം ചെയ്‌തെന്ന്സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും (സി.ബി.എഫ്.സി) കോടതിയെ അറിയിച്ചു.

ജൂണ്‍ 26ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ 2022ലെ സാമുദായിക സംഘര്‍ഷത്തിന് കാരണമായ സംഭാഷണങ്ങളും സംഭവങ്ങളും ഉണ്ടായിരുന്നെന്നും വര്‍ഗീയ വികാരങ്ങള്‍ വീണ്ടും ആളിക്കത്തിക്കാന്‍ സാധ്യതകളുണ്ടെന്നും, ജാമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡണ്ടും ദാറുല്‍ ഉലൂം ദിയോബന്ദ് പ്രിന്‍സിപ്പലുമായ മൗലാന അര്‍ഷാദ് മദനിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.

ഉദയ്പൂരിൽ ജോലി ചെയ്തിരുന്ന തയ്യല്‍ക്കാരനായ കനയ്യ ലാലിനെ 2022 ജൂണിലാണ് കൊലപ്പെടുത്തിയത്. മുഹമ്മദ് റിയാസ് മുഹമ്മദ് ഗൗസ് എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ബി.ജെ.പി നേതാവ് നുപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

കൊലപാതകത്തില്‍ കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)   ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ യു.പി.എ പ്രകാരവും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് വിചാരണ നടക്കുന്നത്.

Content Highlight: Rajasthan High Court asks those demanding a ban on the film ‘Udaipur Files’ to be shown the film

We use cookies to give you the best possible experience. Learn more