| Wednesday, 12th March 2025, 6:30 am

ബലാത്സംഗത്തിന് ഇരയായ 13 വയസുകാരിക്ക് 26 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഭ്രൂണം ഗർഭഛിദ്രം ചെയ്യാൻ അനുമതി നൽകി രാജസ്ഥാൻ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: ബലാത്സംഗം ചെയ്യപ്പെട്ട 13 വയസുകാരിയായ പെൺകുട്ടിയുടെ 26 ആഴ്ചയിൽ കൂടുതലുള്ള ഭ്രൂണം ഗർഭഛിദ്രം ചെയ്യാൻ അനുമതി നൽകി രാജസ്ഥാൻ ഹൈക്കോടതി. ഗർഭം തുടരുന്നത് പെൺകുട്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെടാൻ കാരണമാകുമെന്നും, ചെറുപ്രായത്തിൽ തന്നെ പെൺകുട്ടിക്ക് കുഞ്ഞിന്റെ പരിപാലനത്തിന്റെ ഭാരവും മറ്റ് അനുബന്ധ വെല്ലുവിളികളും നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് സുദേഷ് ബൻസലിന്റെ ബെഞ്ചിന്റേതാണ് വിധി. ഗർഭം തുടരുന്നതിലൂടെ പെൺകുട്ടിയുടെ മാനസികാരോഗ്യത്തിന് ഉണ്ടാകാവുന്ന ദോഷവും ജസ്റ്റിസ് സുദേഷ് ബൻസലിന്റെ ബെഞ്ച് പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷക സോണിയ ഷാൻഡില്യ, ജയ്പൂരിലെ സംഗനീറിലെ വനിതാ ആശുപത്രി സൂപ്രണ്ടിനോട് ഒരു മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ ഗർഭഛിദ്രം നടത്താൻ സൗകര്യമൊരുക്കാൻ കോടതി നിർദേശിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.

ഗർഭസ്ഥ ശിശുവിനെ ജീവനോടെ കണ്ടെത്തിയാൽ ആവശ്യമായ ചികിത്സയും മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്നും കോടതി പറഞ്ഞു.
‘ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ കണ്ടെത്തിയാല്‍, ആ കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യും, ഭാവിയിലെ പരിചരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നൽകും. ഗര്‍ഭസ്ഥ ശിശു അതിജീവിക്കുന്നില്ലെങ്കില്‍, ഡി.എന്‍.എ വിശകലനത്തിനായി കുഞ്ഞിന്റെ ടിഷ്യു സംരക്ഷിക്കും,’ ബെഞ്ച് പറഞ്ഞു.

പെൺകുട്ടി 26 ആഴ്ചയിലധികം ഗർഭിണിയാണെന്നും അവളുടെ മാതാപിതാക്കളും ഗർഭഛിദ്രത്തെ പിന്തുണച്ചതായും അഭിഭാഷക ഷാൻഡില്യ പറഞ്ഞു.

വാദം കേൾക്കുന്നതിനിടെ, സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികൾ 28 ആഴ്ചയിൽ കൂടുതലുള്ള ഗർഭഛിദ്രം അനുവദിച്ച മുൻകാല കേസുകളും കോടതി പരാമർശിച്ചു.

1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എം.ടി.പി) ആക്ട് പ്രകാരം, ബലാത്സംഗം മൂലമുണ്ടാകുന്ന ഗർഭധാരണം ഇരയ്ക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നതായി നിയമപരമായി കണക്കാക്കപ്പെടുന്നുവെന്നും, ഇത് മെഡിക്കൽ ടെർമിനേഷനെ ന്യായീകരിക്കുന്നുവെന്നും അഭിഭാഷക എടുത്തുപറഞ്ഞു. അതിൽ തന്നെ 24 ആഴ്ചയ്ക്ക് മുമ്പ് ഗർഭഛിത്രം നടത്താൻ കോടതി അനുമതി ആവശ്യമില്ല.

2024 ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ, ബലാത്സംഗത്തിന് ഇരയായവരുടെ ഗർഭഛിദ്ര അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുള്ള പദ്ധതികൾ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സൂചിപ്പിച്ചിരുന്നു.

Content Highlight: Rajasthan High Court allows 13-year-old rape victim to abort over 26 week foetus

We use cookies to give you the best possible experience. Learn more