| Wednesday, 19th November 2025, 4:14 pm

സിനിമ കണ്ട് ശരിക്കും പേടിച്ചോ എന്ന് പലരോടും ചോദിച്ചു; എനിക്കത് കണ്ട് വലിയ പേടിയൊന്നും തോന്നിയില്ല: രാജശ്രീ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേഘസന്ദേശം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രാജശ്രീ. രാജസേനന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപി, രാജശ്രീ നായര്‍, സംയുക്ത വര്‍മ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. സിനിമയില്‍ റോസി എന്ന യക്ഷി വേഷത്തിലാണ് രാജശ്രീ എത്തിയത്.

പിന്നീട് തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളില്‍ അഭിനയിച്ച രാജശ്രീ ഒരു വലിയ ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് വരുന്നത്. പൃഥ്വിരാജ് നാകനായെത്തുന്ന വിലായത്ത് ബുദ്ധയാണ് രാജശ്രീയുടേതായി വരാനിരിക്കുന്ന സിനിമ. ഇപ്പോള്‍ വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മേഘ സന്ദേശം സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി.

‘മേഘ സന്ദേശം ചെയ്യുന്നതിന് മുമ്പ് എന്റെ മനസില്‍ പ്രേതം വെള്ള സാരിയുടുത്ത് എന്ന് തന്നെയായിരുന്നു. പക്ഷേ എനിക്ക് അതില്‍ കിട്ടിയത് ഷിഫോണ്‍ സാരിയും കളര്‍ സാരിയുമൊക്കെയായിരുന്നു. പിന്നെ സിനിമയില്‍ ഒരുപാട് നല്ല പാട്ടുകളുണ്ടായിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോഴാണ് ഇഡലി തിന്നുന്ന പ്രേതമെന്നൊക്കെ ട്രോളുകള്‍ വരാന്‍ തുടങ്ങിയത്,’ രാജശ്രീ പറയുന്നു.

പലരും സിനിമ കണ്ടിട്ട് പേടിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ ശരിക്കും നിങ്ങള്‍ അത് കണ്ടിട്ട് പേടിച്ചുണ്ടായിരുന്നോ എന്ന് ചോദിക്കുമെന്നും തനിക്ക് മേഘസന്ദേശം കണ്ടിട്ട് പേടിയൊന്നും തോന്നിയില്ലെന്നും രാജശ്രീ നായര്‍ പറയുന്നു. എന്നാല്‍ തനിക്ക് ഹൊറര്‍ സിനിമകള്‍ കാണാന്‍ പേടിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
പക്ഷേ മേഘസന്ദേശത്തില്‍ കുഴപ്പമില്ലായിരുന്നുവെന്നും സ്വന്തം സിനിമ കാണുമ്പോള്‍ തന്നെ തന്നെ വിമര്‍ശിക്കാറുണ്ടെന്നും രാജശ്രീ പറഞ്ഞു.

‘നല്ല സിനിമകള്‍ ലഭിക്കാത്തുകൊണ്ടാണ് മലയാള സിനിമയില്‍ ഗ്യാപ്പ് വന്നത്. ഞാന്‍ കൂടുതലും തെലുങ്കിലാണ് ചെയ്യുന്നത്. തമിഴും, ഹിന്ദിയും ചെയ്തു. വിലായത്ത് ബുദ്ധയ്ക്ക് ശേഷം മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വിലായത്ത് ബുദ്ധ തന്നെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.’ രാജശ്രീ നായര്‍ പറഞ്ഞു.

മേഘസന്ദേശത്തിന് ശേഷം തനിക്ക് ഹൊറര്‍ സിനിമകള്‍ തന്നെ വീണ്ടും കിട്ടിയെന്നും പിന്നീട് ഹൊറര്‍ ചെയ്യില്ലെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാജശ്രീ പറഞ്ഞു. ആ സമയത്താണ് രാവണപ്രഭു വരുന്നതെന്നും രാജശ്രീ പറഞ്ഞു.

Content highlight: Rajashree Nair about the movie Meghasandesham

We use cookies to give you the best possible experience. Learn more